മെക്സിക്കൻ അപാരത എന്ന സിനിമയിലൂടെ ട്രാക്ക് പാട്ടുകാരനിൽ നിന്ന് സംഗീത സംവിധായകനായി ഉയർന്നിരിക്കുകയാണ് തൃശൂർ സ്വദേശി മണികണ്ഠൻ അയ്യപ്പ. അവസരങ്ങൾ ലഭിക്കാത്തതിലെ നിരാശമൂലം സംഗീതം ഉപേക്ഷിക്കാനൊരുങ്ങുന്നതിനിടെയാണ് മണികണ്ഠന് മെക്സിക്കൻ അപരാതയിൽ അവസരം ലഭിച്ചത്.
ഈ പാട്ട് ആയിരങ്ങൾ ഏറ്റുപാടുമ്പോൾ തൃശൂർ കൊള്ളന്നൂരിലെ കൊച്ചുവീട്ടിൽ സ്വപ്നം തിരികെ പിടിച്ചതിന്റെ സന്തോഷത്തിലിരിക്കുകയാണ് മണികണ്ഠൻ അയ്യപ്പ എന്ന യുവസംഗീത സംവിധായകൻ. മണികണ്ഠൻ പത്ത് വർഷമായി സിനിമയിൽ ട്രാക്ക് പാടുന്നുണ്ട്. എന്നിട്ടും സ്വന്തമായൊരു പാട്ടുപാടാൻ അവസരം ലഭിക്കാത്തതിലെ നിരാശയും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം മറ്റ് ജോലി തേടാൻ തീരുമാനിച്ചു. അതിനിടെയാണ് സംവിധായകൻ ടോം ഇമ്മട്ടിയെ പരിചയപ്പെടുന്നതും അവസരം ലഭിച്ചതും.
കട്ടക്കലിപ്പ് എന്ന പ്രമോഷൻ ഗാനം മാത്രമായിരുന്നു ആദ്യം ഏൽപ്പിച്ചത്. അത് വൈറലായതോടെ സിനിമയിലും നാല് ഗാനങ്ങൾക്കും ഈണമിടാൻ അവസരം ലഭിച്ചു. പലതരം പാട്ടുകളിലൂടെ ആദ്യചിത്രം മികച്ചതാക്കാനായെന്നാണ് മണികണ്ഠന്റെ പ്രതീക്ഷ.
കർണാടക സംഗീതത്തിൽ ഡിപ്ളോമയുള്ള മണികണ്ഠൻ സംഗീത സംവിധായകരായ മോഹൻ സിതാരക്കും ശ്രീവത്സൻ ജെ. മേനോനുമൊപ്പവും സൗണ്ട് എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. ഇനി സിനിമയിൽ കൂടതൽ അവസരങ്ങൾ ലഭിക്കുന്ന പ്രതീക്ഷയിലാണ് മണികണഠനും അമ്മ തങ്കയും.