ഗുരുവായൂർ ചൂൽപ്പുറം മാലിന്യ മൈതാനത്ത് നഗരസഭ സ്ഥാപിച്ച പ്ലാന്റ് പ്രവർത്തിക്കുന്നത് പേരിന് മാത്രം. ഗുരുവായൂരിലെ മൂന്നിലൊന്ന് മാലിന്യം സംസ്ക്കരിക്കാനുള്ള ശേഷി പോലും പ്ലാൻറിനില്ല. മാലിന്യം തള്ളുന്നതിന് എതിരായ നാട്ടുകാരുടെ നിരാഹാര സമരം ഇന്ന് ആറാം ദിവസവും തുടരുകയാണ്.
ഗുരുവായൂർ ചൂൽപ്പുറത്ത് പ്രത്യേകം നിർമിച്ച കേന്ദ്രത്തിലാണ് മാലിന്യ സംസ്കരണ യന്ത്രം സ്ഥാപിച്ചത്. ഈ ചെറിയ യന്ത്രത്തിലാണ് ജൈവ മാലിന്യം അരച്ച് വളമാക്കുന്നത്. ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ യന്ത്രം ദിവസത്തിൽ പലപ്പോഴും പണിമുടക്കും. ഇവിടെ കൂട്ടിയിരിക്കുന്ന മാലിന്യം അരച്ചുണ്ടാക്കിയ വളം ഇവിടെ നിന്ന് എടുത്തു മാറ്റുന്നത് വല്ലപ്പോഴും മാത്രമാണ്.
കോടതി നിർദ്ദേശങ്ങൾ നടപ്പാക്കിയെന്ന് വരുത്താനുള്ള നഗരസഭയുടെ സൂത്രപ്പണിയാണ് ഈ പ്ലാൻറ് സ്ഥാപിക്കൽ. നാട്ടുകാരുടെ നിരാഹാര സമരത്തെ അവഗണിച്ച് നഗരസഭ മാലിന്യം തള്ളുന്നത് ചൂൽപ്പുറത്തു തന്നെയാണ്. മാലിന്യം വൻതോതിൽ തള്ളരുതെന്ന കോടതി വിധിയുടെ പച്ചയായ ലംഘനമാണ് ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനാണ് സമരക്കാരുടെ നീക്കം.