സഞ്ചാരികൾ ഏറെയെത്തുന്ന മൂന്നാർ കുണ്ടളയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടിയില്ല. ശുചിമുറി ഉൾപ്പെടെ നിർമിക്കാൻ തുക അനുവദിച്ചെങ്കിലും നിർമാണം പോലും എങ്ങുമെത്തിയില്ല. കുണ്ടളയിലെ മുഖ്യ ആകർഷണമായ ബോട്ടിങ്ങ് പുനരാരംഭിക്കാനും നടപടിയില്ല.
മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കുണ്ടള അണക്കെട്ട്. ഹൈഡല്‍ ടൂറിസത്തിന്റെ നേതൃത്വത്തിൽ ബോട്ടിങാണ് പ്രധാന ആകർഷണം. പെഡൽ ബോട്ടിന് പുറമെ കാശ്മീര ശിക്കാരും ഇവിടെ സഞ്ചാരികൾക്കായി തയ്യാറാക്കിയിരുന്നു. എന്നാൽ ഒരുവർഷം മുമ്പ് മുന്നറിയിപ്പൊന്നുമില്ലാതെ ബോട്ടിങ് നിർത്തി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഒരുവർഷം പിന്നിടുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചില്ലെന്ന് മാത്രമല്ല ബോട്ടുകളും തുരുമ്പെടുത്ത് നശിച്ചു. ഒരു നല്ല ശുചിമുറിപോലും ഒരുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ബോട്ടിങ് നിര്‍ത്തിയതറിയാതെ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്.
ബോട്ടിങ് നിർത്തിയതോടെ മുഖ്യ വരുമാന മാർഗവും ഇല്ലാതെയായി. കുതിര സവാരിയാണ് സഞ്ചാരികൾക്കുള്ള ഏക ആശ്വാസം. ഇത് അനധികൃതമാണെന്നാരോപിച്ച് വ്യാപാരികളും രംഗതെത്തിയിട്ടുണ്ട്. ഇവരെ സഹായിക്കാനാണ് ബോട്ടിങ് നിർത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.