പത്തനംതിട്ട ജില്ലയിലെ തോണിപ്പുഴ- തടിയൂര്‍ റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സ്കൂള്‍ ബസുകളും സ്വകാര്യബസുകളും ഈ റൂട്ടിലൂടെയുള്ള സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. യാത്രാദുരിതം രൂക്ഷമായതോടെ നാട്ടുകാര്‍ നടത്തുന്ന നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു.
കുഴിയെന്നല്ല കുളമെന്നുവേണം ഇവയോരോന്നിനും പറയാന്‍. കോഴഞ്ചേരിയില്‍നിന്ന് തോണിപ്പുഴ തടിയൂരുവഴി കോന്നിക്കുപോകുന്ന റോഡാണിത്. ഇതില്‍ തോണിപ്പുഴ മുതല്‍ തടിയൂരുവരെയുള്ള അഞ്ച് കിലോമീറ്ററാണ് പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്. ക്വാറിയില്‍നിന്ന് അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിലെ ഗര്‍ത്തങ്ങളില്‍വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ റൂട്ടില്‍ ഓടിയിരുന്ന ഏഴ് സ്വകാര്യബസുകള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി. തടിയൂരിലും സമീപപ്രദേശങ്ങളിലുമുള്ള ഒന്‍പത് സ്കൂളുകളില്‍ ഈ ഭാഗത്തുനിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. നിലവില്‍ സ്കൂള്‍ ബസുകളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള റോഡിന്‍റെ പേരില്‍ ജില്ലാ പഞ്ചായത്ത് അധികൃതരും എം.എല്‍.എമാരും പരസ്പരം പഴിചാരി രക്ഷപെടുകയാണെന്നാണ് ആക്ഷേപം. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി രണ്ട് സ്ഥലങ്ങളില്‍ പന്തലുകെട്ടിയാണ് നാട്ടുകാര്‍ നിരാഹാരസമരം നടത്തുന്നത്. റോഡിലെ കുഴികളില്‍ പ്രതീകാത്മകമായി വള്ളവും ഇറക്കിയിരുന്നു.