കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പണിമുടക്കിലേയ്ക്ക്. അത്യാഹിത വിഭാഗത്തിലെ ചൂട് കുറയ്ക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. നാളെ വൈകുന്നേരത്തിന് മുൻപായി നടപടി എടുത്തില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഹാരം നീളുന്നതിനാലാണ് അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇത്തരമൊരു നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. നാൽപത് ലക്ഷത്തിലധികം രൂപ ചെലവിൽ പൂർത്തിയാക്കിയ ശീതീകരണ സംവിധാനം മതിയായ വൈദ്യുതിയില്ലാത്തതിനാൽ തകരാറിലായി. ജനറേറ്റർ സ്ഥാപിച്ച് വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് പകരം എ.സി നീക്കം ചെയ്യുന്നതിനായിരുന്നു തീരുമാനം. വാതിലുകളും ജനലും തുറന്നിട്ട് എയർകട്ടർ സ്ഥാപിക്കുന്നതിനുള്ള ശ്രമവും തുടങ്ങി. മെഡിസിൻ, ഓർത്തോ, സർജറി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വിസ്താരം കുറഞ്ഞ അത്യാഹിത വിഭാഗത്തിൽ എപ്പോഴും തിരക്കാണ്. പലപ്പോഴും നിർജലീകരണത്തെത്തുടർന്ന് ഡോക്ടർമാരും നഴ്സുമാരും കുഴഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി.
കൃത്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കെ എ.സി സംവിധാനം നടപ്പാക്കിയതാണ് പ്രധാന പ്രതിസന്ധിയായത്. രേഖാമൂലം പലപ്പോഴായി പരാതി നൽകിയെങ്കിലും ആദ്യമായാണ് പണിമുടക്ക് നോട്ടീസുമായി ഡോക്ടർമാരുടെ കൂട്ടായ്മ രംഗത്തെത്തിയത്.