തിരുവനന്തപുരം പാറശാലയിലെ നിർമൽ കൃഷ്ണ നിക്ഷേപത്തട്ടിപ്പിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് പരാതി. തമിഴ്നാട് പൊലിസും രാഷ്ട്രീയക്കാരും ബാങ്കുടമയെ സഹായിക്കുന്നു. ആക്ഷൻ കൗൺസിലിൽ ഭിന്നത സൃഷ്ടിച്ച് സമരം പൊളിക്കാൻ നീക്കമെന്നും നിക്ഷേപകർ ആരോപിക്കുന്നു.
തങ്കലക്ഷമിയെപ്പോലെ രാഷ്ട്രീയമോ സാമ്പത്തികമോ ആയി യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരാണ് സമരരംഗത്തുള്ളത്. കോടികൾ തട്ടിയെടുത്ത് മുങ്ങിയ ബാങ്കുടമ നിർമലനെ പിടികൂടണമെന്നും നഷ്ടമായ പണം തിരികെ ലഭിക്കണമെന്നുമാണ് ആവശ്യങ്ങൾ. എന്നാൽ സമരം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയൊന്നുമില്ല. തമിഴ്നാട് പൊലീസിലുള്ള നിർമലന്റെ ബന്ധുക്കളിടപെട്ട് അന്വേഷണം അട്ടിമറിച്ചെന്നാണ് നിലവിലുയരുന്ന പ്രധാന ആക്ഷേപം.
സമരം ചെയ്യാതിരിക്കുകയാണങ്കിൽ പണം തിരികെ നൽകാമെന്ന വാഗ്ദാനവുമായി ബാങ്കുടമയുടെ ബെനാമികൾ ഏതാനും നിക്ഷേപകരെ സമീപിച്ചു. സമരം ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണിതെന്നും സമരം വിലക്കുന്ന പൊലീസ് നടപടി ഇതിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. ഒരായുസിന്റെ സമ്പാദ്യം തട്ടിയെടുത്ത മുങ്ങിയ ബാങ്കിന്റെ മുന്നിൽ സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിച്ചതോടെ അന്വേഷണത്തിൽ വിശ്വാസം നഷ്ടമായി. സിബിഐ അന്വേഷണമാണ് ഇനിയുള്ള പ്രതീക്ഷ.