തിരുവനന്തപുരം പാലോട് നിർമൽ നിക്ഷേപ തട്ടിപ്പ് കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ റിലേ സത്യഗ്രഹം തുടങ്ങി. നിലവിലെ അന്വേഷണസംഘം പ്രതികളെ സംരക്ഷിക്കുന്നൂവെന്നും ആക്ഷേപം. അതേസമയം മുഖ്യപ്രതി കെ. നിർമലന്റെ ബെനാമിയെന്ന് ആരോപിച്ച് രണ്ട് പേരെ നിക്ഷേപകർ പിടികൂടി പൊലീസിലേൽപ്പിച്ചു.
കേരളത്തിലെയും തമിഴ്നാട്ടിലെയും പതിനാലായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി അറുന്നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത ശേഷം നിർമൽ ബാങ്ക് ഉടമ കെ.നിർമലൻ മുങ്ങിയിട്ട് ഇരുപത് ദിവസമായി. തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘവും നടത്തുന്ന അന്വേഷണത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. അതിനാൽ അന്വേഷണം പരാജയമെന്ന് ആരോപിച്ചും സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകർ ബാങ്ക് ഓഫീസിന് മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങിയത്.
സത്യഗ്രഹസമരത്തിനൊപ്പം ശക്തമായ മറ്റ് നടപടികളിലേക്കും നിക്ഷേപകർ കടക്കുകയാണ്. അതിന്റെ ഭാഗമായി ബാങ്കുടമ കെ. നിർമലന്റെ സ്ഥാപനമായ കേരള തമിഴ്നാട് അതിർത്തിയായ പളുകലിലെ ഷോപ്പിങ് കോംപ്ളക്സിലേക്ക് മാർച്ച് നടത്തി കടകൾ പൂട്ടിച്ചു. കടകൾ പൂട്ടിക്കുന്നതിനിടെ നിർമലന്റെ ബെനാമിയെന്ന് ആരോപണമുള്ള പളുകൽ സ്വദേശി പ്രദീപിനെ നിക്ഷേപകർ പിടികൂടി ക്യൂബ്രാഞ്ചിന് കൈമാറി.
ഇതിനിടെ നിർമൽ ബാങ്കിലെ മറ്റൊരു ജീവനക്കാരനായ ചന്ദ്രശേഖരനെയും നിക്ഷേപകർ പിടികൂടി. ഇരുവരെയും സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന തമിഴ്നാട് ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഇതിന് തയാറാകാതിരുന്നതോടെ മണിക്കൂറോളം പളുകൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഒടുവിൽ ഇരുവരെയും പ്രത്യേകസംഘത്തിന് കൈമാറിയതോടെ ഉപരോധം അവസാനിപ്പിച്ചു. റിലേ സത്യഗ്രഹം തുടരുകയാണ്.