മൊബൈല്‍ ഫോണ്‍ ക്യാമറയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു 2012ല്‍ ഇറങ്ങിയ പ്യൂവര്‍വ്യൂ 808ലെ ക്യാമറ. എന്നാല്‍ ഇത് വേണ്ടത്ര ആളുകളിലേക്ക് എത്തിയില്ല. അത് ക്യാമറയുടെ കുറവുകൊണ്ടല്ല മറിച്ച് ആളുകള്‍ക്ക് വിന്‍ഡോസ് ഒഎസിനോടുള്ള താത്പര്യക്കുറവുകൊണ്ടായിരുന്നു. 2012ല്‍ ഈ ക്യാമറയുടെ വിസ്മയക്കൂട്ടു തയാറാക്കിയത് ഫിന്‍ലന്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന നോക്കിയയും അദ്വിതീയ ലെന്‍സ് നിര്‍മാതാവായ സൈസും (Zeiss) ഒത്തു ചേര്‍ന്നപ്പോഴായിരുന്നു.
തങ്ങളുടെ മൊബൈല്‍ ഫോണ്‍ നിര്‍മാണം മൈക്രോസോഫ്റ്റിന് വിറ്റ നോക്കിയ ഇന്ന് മുഖ്യാധാരയില്‍ നിന്നു വിട്ട് ഒരു വഴിയൊര കച്ചവടക്കാരനാണ്. ആന്‍ഡ്രോയിഡ് ഒഎസിലോടുന്ന തങ്ങളുടെ പുതിയ ഫോണുകളുമായി നോക്കിയ മാര്‍ക്കറ്റിലിറങ്ങിയെങ്കിലും മുന്‍നിര ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ഒപ്പമെത്താന്‍ പോലും ഇനിയും കാത്തിരിക്കണം.
എന്നാല്‍ നോക്കിയയെ വീണ്ടും വാര്‍ത്തയിലെത്തിക്കുന്നത് അവര്‍ വീണ്ടും സൈസുമായി ചേര്‍ന്ന് ഫോണ്‍ ക്യാമറ നിര്‍മിക്കുന്നു എന്നതാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഫൊട്ടോഗ്രഫിയിലെ പരമമായ അനുഭവം നല്‍കുന്നതായിരിക്കും തങ്ങളുടെ അടുത്ത ക്യാമറ എന്നാണ് നോക്കിയയുടെ അവകാശവാദം. നോക്കിയ 9 എന്ന പേരില്‍ പണിപ്പുരയിലിരിക്കുന്ന ഫോണിലായിരിക്കും സൈസുമൊത്തുള്ള സഖ്യം ഇനി തുടങ്ങുക. കേട്ടുകേള്‍വികള്‍ ശരിയാണെങ്കില്‍ 13MPയുള്ള ഇരട്ടക്യാമറകളായിരിക്കും പുതിയ ഫോണില്‍.