ബൗദ്ധികാവകാശത്തിന്റെ പേരില്‍ ആപ്പിളും നോക്കിയയും തമ്മില്‍ നടന്ന നിയമ യുദ്ധം അവസാനിച്ചു. ഒപ്പം ആരോഗ്യപരിപാലനം ഉൾപ്പടെയുള്ള മേഖലകളിൽ ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഇരു കമ്പനികളും തീരുമാനമായി. കൂടുതല്‍ വ്യക്തമല്ലെങ്കിലും നോക്കിയയ്ക്ക് ആപ്പിള്‍ ഉടനെ കുറച്ചു കാശു നല്‍കും. പിന്നീട് കരാറിന്റെ കാലാവധി തീരുന്നതുവരെ തങ്ങളുടെ വരുമാനത്തിന്റെ ചെറിയൊരു പങ്കും ആപ്പിള്‍ നോക്കിയയ്ക്കു നല്‍കും. കരാര്‍ പ്രകാരം വില്‍പ്പന നിറുത്തി വച്ചിരുന്ന നോക്കിയയുടെ ഡിജിറ്റല്‍ ആരോഗ്യപരിപാലന ഉപകരണങ്ങള്‍ ആപ്പിള്‍ സ്റ്റോറുകളിലൂടെ ഇനിയും വില്‍ക്കും.
കൂടാതെ, ഭാവിയില്‍ ഇരു കമ്പനികളും ഡിജിറ്റല്‍ ആരോഗ്യപരിപാലനത്തെ കുറിച്ച് പതിവായി ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇരു കമ്പനികളും തമ്മില്‍ എത്തിച്ചേര്‍ന്ന ബിസിനസ് സഹകരണ കരാര്‍ പ്രകാരം നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറും മറ്റു ചില സേവനങ്ങളും നോക്കിയ ആപ്പിളിനു നല്‍കും. ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് ഇരു കമ്പനികളും സന്തോഷം പ്രകടിപ്പിച്ചു.
2016ല്‍ ആണു നോക്കിയ കമ്പനി, ആപ്പിള്‍ തങ്ങള്‍ക്കു പെയ്റ്റന്റുള്ള പല സാങ്കേതികവിദ്യയും അവരുടെ പ്രൊഡക്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നുവെന്നു കാണിച്ച് പരാതി നല്‍കിയത്: http://nokia.ly/2qpN8nY. ഈ കമ്പനികള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ എന്തൊക്കെ കടന്നുവന്നു എന്നോ, പുതിയ കരാറുണ്ടാക്കിയത് എന്തിനെ ആസ്പദമാക്കിയാണ് എന്നോ വ്യക്തമല്ലെങ്കിലും വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍, മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തെ പഴയ പടക്കുതിരയുടെ പരാതിയില്‍ കഴമ്പുണ്ടായിരുന്നുവെന്നു വേണം കരുതാന്‍.