ഇന്ത്യയുടെ മുഖം കുനിഞ്ഞു പോകാതിരിക്കാൻ നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമാണ് ഈ മുഖത്തണിഞ്ഞ തൂവാല. തീവ്രവാദികളുടെ തോക്കുകൾക്ക് ആ മുഖം തകർക്കാൻ കഴിഞ്ഞു... പക്ഷേ, രാജ്യസ്നേഹത്തിന്റെകരുത്തിൽ നിർമിച്ച ആ മനസ്സു തകർക്കാൻ കഴിഞ്ഞില്ല. കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടി മരണമുഖത്തുനിന്നു തിരികെക്കയറിയ മേജർ ഋഷിയുടെ പോരാട്ടവീര്യത്തിന്റെ കഥ ആവേശകരമാണ്.
‘ഋ’ൽ തുടങ്ങുന്ന അധികം പേരുകൾ മലയാളത്തിലില്ല. അപൂർവമായ ആ അക്ഷരം കൊണ്ടു തുടങ്ങുന്ന പേരുകാരൻ എന്നതു മാത്രമല്ല അത്യപൂർവമായൊരു പോരാട്ടത്തിന്റെയും തിരിച്ചുവരവിന്റെയും പേരാണു മുതുകുളം വടക്ക് മണിഭവനത്തിൽ ഋഷി എന്ന മേജർ ഋഷി. കെഎസ്ഇബിയിലെയും എയർ ഇന്ത്യയിലെയും ജോലി ഉപേക്ഷിച്ചു സൈനിക സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഈ എൻജിനീയറിങ് ബിരുദധാരിയുടെ കഥ അതിർത്തിയിൽ കാവൽനിൽക്കുന്ന ഓരോ സൈനികന്റെയും കഥയാണ്...
2017, മാർച്ച് 04 വൈകിട്ട് അഞ്ചുമണി
മുതുകുളം വടക്ക് മണിഭവനത്തിലേക്കു നേരംതെറ്റി എത്തിയ ടെലിഫോൺ ഗൃഹനാഥ രാജലക്ഷ്മി എടുത്തു. മറുതലയ്ക്കൽ മകൻ ഋഷി. ഇത്ര മാത്രം പറഞ്ഞു. ‘അമ്മേ ഞാൻ പ്രധാനപ്പെട്ട ഒരു ജോലിക്കു പോകുന്നു... അമ്മ പ്രാർഥിക്കണം’. മണിഭവനത്തിൽ പിന്നെ മനമുരുകിയ പ്രാർഥനയുടെ മണിക്കൂറുകൾ...
ഇതേദിവസം ഇതേ സമയം
ദക്ഷിണ കശ്മീരിലെ ഫുൽവാമ ജില്ലയിലെ ദ്രാൽ പ്രദേശം... ഒരു പോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു മേജർ ഋഷിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർ. ഏതാനും മിനിറ്റുകൾ മുൻപാണു ഋഷിക്ക് കമാൻഡിങ് ഓഫിസറുടെ സന്ദേശം ലഭിക്കുന്നത്. ദ്രാലിലെ ഒരു ഗ്രാമീണ ഭവനത്തിൽ സായുധരായ രണ്ടു തീവ്രവാദികൾ കടന്നുകൂടിയിരിക്കുന്നു. അൽപം ദൂരെ മറ്റൊരിടത്തു നാട്ടുകാർക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിന്റെ തിരക്കിലായിരുന്നു അപ്പോൾ സൈനിക സംഘം. ക്യാംപ് മതിയാക്കി ഉടൻ പോരാട്ട ഭൂമിയിലേക്ക്.
ഏറ്റുമുട്ടലിന്റെ 12 മണിക്കൂർ
ഋഷിയുടെ നേതൃത്വത്തിൽ സൈനികർ എത്തുമ്പോൾ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന വീടു മനസ്സിലാക്കി. ഏറെ ഉയരത്തിൽ മൂന്നു നിലകളുള്ള വീട്. പാറക്കൂട്ടം നിറഞ്ഞ പ്രദേശം.
അടുത്തടുത്തു വേറെയും വീടുകൾ. സൈനിക നീക്കം ദുഷ്കരമാക്കുന്ന ഘടകങ്ങൾ ഒട്ടേറെ. ഇവയെല്ലാം മറികടന്നു മിനിറ്റുകൾ കൊണ്ടു സൈന്യവും പൊലീസും വീടുവളഞ്ഞു. വെടിവയ്പ്പോ സ്ഫോടനമോ വേണ്ടിവന്നാൽ കൂടുതൽ ആളപായവും പരുക്കും ഒഴിവാക്കുന്നതിനായി ഋഷിയും മറ്റു രണ്ടു സൈനികരും ചേർന്നു സമീപത്തെ രണ്ടു വീടുകൾകൂടി ഒഴിപ്പിച്ചു.
ആയുധങ്ങളുമായി പുറത്തുവന്നു കീഴടങ്ങാനുള്ള സൈന്യത്തിന്റെ ആഹ്വാനത്തിനു തീവ്രവാദികളിൽനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. സൈന്യം ആക്രമണം തുടങ്ങുകയാണെന്ന സൂചന നൽകിയതോടെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പുറത്തേക്കോടി രക്ഷപ്പെട്ടു.
വീടിന്റെ അടുക്കള ഭാഗത്തിനു മോർട്ടാർ ആക്രമണത്തിലൂടെ സൈന്യം തീയിട്ടു. എന്നിട്ടും തീവ്രവാദികൾക്കു കുലുക്കമില്ല. ഇതോടെ വീട് തകർത്തു തീവ്രവാദികളെ വധിക്കാൻ സൈന്യം തീരുമാനിച്ചു.
സ്ഫോടനത്തിലൂടെ വീടു തകർക്കുകയാണു മാർഗം. ദൗത്യം മേജർ ഋഷി നേരിട്ട് ഏറ്റെടുത്തു. കരിങ്കല്ലും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാൽ കശ്മീരിലെ വീടുകളുടെ അടിത്തറ വളരെ ശക്തമാണ്. അതിനാൽ സ്ഫോടകവസ്തു തറയിൽ വച്ചാൽ ഉദ്ദേശിച്ച പ്രഹരശേഷി ലഭിക്കണമെന്നില്ല.
നേരത്തേ ഒഴിപ്പിച്ച സമീപത്തെ വീടുകളിലൊന്നിൽനിന്ന് ഒരു മേശ സംഘടിപ്പിച്ചു സ്ഫോടക വസ്തു അതിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. പിന്നെ 10 കിലോയുള്ള സ്ഫോടക വസ്തുവുമായി, ഏതു നിമിഷവും ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകളും പ്രതീക്ഷിച്ച് മേജർ ഋഷി തീവ്രവാദികൾ ഒളിച്ചിരിക്കുന്ന വീടിനുള്ളിലേക്ക്.
അപ്രതീക്ഷിത ഇടത്തുനിന്നായിരുന്നു വെടിയുണ്ട ചീറിപ്പാഞ്ഞു വന്നത്. മുകൾ നിലയിൽ നിലയുറപ്പിച്ചിരുന്ന തീവ്രവാദികൾ ഗോവണിപ്പടിക്കു മുകളിൽനിന്നാവണം വെടിയുതിർത്തത്. ആദ്യ വെടിയുണ്ട ഹെൽമറ്റിൽ ഉരസി ഋഷിയുടെ മൂക്കു തകർത്തു കടന്നുപോയി. രണ്ടാമത്തേതായിരുന്നു കൂടുതൽ മാരകമായ മുറിവേൽപ്പിച്ചത്. താടിയെല്ലു തകർത്ത രണ്ടാം വെടിയുണ്ട മുഖത്തിന്റെ സ്ഥാനത്ത് അവശേഷിപ്പിച്ചതു രക്തപ്രവാഹവും മാംസക്കഷണങ്ങളും.
മുഖത്തു രണ്ടു വെടിയുണ്ടകളേറ്റതായി ഋഷിക്കു മനസ്സിലായി. മുറിവുകളും രക്തവുംമൂലം ഒന്നും കാണാൻ കഴിയുമായിരുന്നില്ല. പക്ഷേ, ബോധം നശിച്ചില്ല. വെടിയേറ്റ തന്നെ രക്ഷപ്പെടുത്താനായി കൂടുതൽ സൈനികർ വീടിനുള്ളിൽ പ്രവേശിച്ചാൽ അവർക്കും വെടിയേൽക്കുമെന്നു മനസ്സിലാക്കിയ ഋഷി പുറത്തേക്ക് ഇഴഞ്ഞുനീങ്ങിത്തുടങ്ങി.
എത്ര ദൂരം ഇഴഞ്ഞുവെന്ന് ഓർമയില്ല. സൈനികർ നിൽക്കുന്ന ഭാഗത്തേക്ക് എത്തുന്നതിനു മുൻപുതന്നെ കമാൻഡിങ് ഓഫിസർ മുന്നോട്ട് ഓടിവന്നു സുരക്ഷിത സ്ഥാനത്തേക്കു വലിച്ചുമാറ്റി.
പോരാട്ടം നടന്ന ദ്രാലിൽനിന്ന് 35 കിലോമീറ്ററോളമുണ്ട് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക്. അവിടെ ഫിസിയോതെറപ്പിസ്റ്റാണ് ഋഷിയുടെ ഭാര്യ ക്യാപ്‌റ്റൻ അനുപമ. ഭർത്താവിന് ആക്രമണത്തിൽ പരുക്കേറ്റ വിവരം അനുപമ അറിഞ്ഞിരുന്നു.
ഉള്ളുവിങ്ങുന്ന വേദനയോടെ അവർതന്നെയാണ് ആശുപത്രിയിൽ വേണ്ട മുന്നൊരുക്കങ്ങൾക്കു നേതൃത്വം നൽകിയത്. ഒടുവിൽ ഋഷിയുമായി ആംബുലൻസ് ആശുപത്രിയിലെത്തി. അനുപമ ഒന്നേ ആ മുഖത്തേക്കു നോക്കിയുള്ളു. തളർന്നു താഴെവീണു. അത്ര ഭീകരമായിരുന്നു മുഖത്തിന്റെ അവസ്ഥ.
തളരാത്ത പോരാളി
ദ്രാലിൽനിന്നു ശ്രീനഗറിലേക്ക് ആംബുലൻസിൽ കൊണ്ടുവരുമ്പോൾ ഒപ്പമുണ്ടായിരുന്ന ഡോക്ടർ നിരാശയോടെ തന്നെ നോക്കുന്നതായി ഋഷിക്കു തോന്നി. സംസാരിക്കാൻ ഋഷിക്കു കഴിയുമായിരുന്നില്ല. കൈകൾ ഉയർത്തി ഡോക്ടറോട് ഋഷി പറയാതെ പറഞ്ഞു – ‘എനിക്ക് ഒന്നും സംഭവിക്കില്ല, ഞാൻ അതിശക്തനായി തിരികെ വരും’. പക്ഷേ, ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് എത്തും മുൻപു ബോധം മറഞ്ഞു.
ശ്രീനഗർ ആശുപത്രിയിൽ ഒരുദിവസത്തെ ചികിത്സയ്ക്കു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ നിർദേശത്തെ തുടർന്നു ഋഷിയെ ന്യൂഡൽഹിയിലെ ആർമി റഫറൽ ആൻഡ് റിസർച് ഹോസ്പിറ്റലിലേക്കു മാറ്റി. വിദഗ്ധ ചികിത്സയുടെ ഫലമായി ഋഷി പതിയെ പതിയെ ജീവിതത്തിലേക്കു തിരികെ വന്നു.
അതിനിടെ ഡൽഹി പൊലീസിനു സംഭവിച്ച ഒരു പിഴവ് നാടിനെ നടുക്കി. ഋഷി മരിച്ചതായി അവർ നാട്ടിൽ വിവരം നൽകി. അന്വേഷണത്തിനൊടുവിൽ വാർത്ത സത്യമല്ലെന്നു ബോധ്യപ്പെട്ടതോടെ ഋഷിയുടെ ചികിത്സ ഫലപ്രദമാകാനുള്ള പ്രാർഥനകളിലേക്കു നാടു മടങ്ങി.
വെടിയേറ്റു തകർന്ന മുഖം നേരെയാക്കാൻ ഏതാനും ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇനിയും ഒട്ടേറെ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നാണു ഡോക്ടർമാരുടെ നിർദേശം. ചികിത്സയുടെ നാളുകളിൽ ശരീരഭാരം 15 കിലോയോളം ഒറ്റയടിക്കു കുറഞ്ഞുപോയി. അതു വീണ്ടെടുത്തു വരുന്നു. താടിയെല്ലു തകർന്നതിനാൽ ദ്രവ രൂപത്തിലുള്ള ആഹാരം മാത്രമേ ഇപ്പോഴും കഴിക്കാൻ കഴിയൂ.
കൈത്താങ്ങായി പിതാവ് ബി.വേണുപ്രസാദും മാതാവ് രാജലക്ഷ്മിയും സഹോദരൻ വിനായകും പിന്നെ സദാസമയവും നിഴൽപോലെ ഭാര്യ അനുപമയും കൂടെയുള്ളപ്പോൾ തിരിച്ചുവരവ് ഒട്ടും വൈകില്ലെന്നതിൽ ഋഷി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പിന്തുണയും ഏറെ ആശ്വാസകരമാണ്.
പരുക്കിൽനിന്നു മോചിതനായാൽ വീണ്ടും പോരാട്ടമുന്നണിയിലേക്കു പോകണമെന്നതാണ് ഋഷിയുടെ ആഗ്രഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജോലിചെയ്യണമെന്നും ആഗ്രഹമുണ്ട്.
വെടിയുണ്ടകൾ സമ്മാനിച്ച വൈരൂപ്യം മറയ്ക്കാൻ തൂവാലകൊണ്ടു മുഖം മറച്ചാണ് ഋഷി ഇപ്പോൾ ആളുകളെ കാണുന്നത്. രാജ്യത്തിന്റെ മുഖം കാക്കാൻ താൻ മുഖത്തണിയേണ്ടിവന്ന തൂവാല അഭിമാനചിഹ്നമാണിന്നു ഋഷിക്ക്.