വീട്ടുജോലിക്കാരുടെ കുറഞ്ഞ കൂലി തീരുമാനിച്ച് തൊഴിൽ വകുപ്പിന്റെ ഉത്തരവ്. എട്ടുമണിക്കൂറിന് 195 രൂപയാണ് സാധാരണ വീട്ടുജോലിക്കുള്ള വേതനം. കുഞ്ഞുങ്ങളെ പരിപാലിക്കുക കൂടി ചെയ്യുന്നവർക്ക് 201 രൂപയാണ് ദിവസക്കൂലി. ഹോം നേഴ്സിന്റെയും ഡ്രൈവറുടെയും കൂലിയും നിശ്ചയിച്ച് ഉത്തരവിറങ്ങിയെങ്കിലും ,ഇത് എങ്ങിനെ നടപ്പാക്കുമെന്ന് തൊഴിൽവകുപ്പ് പറയുന്നില്ല.
പാചകവും വീട് വൃത്തിയാക്കലും ഉൾപ്പെടെയുള്ള ജോലികൾചെയ്യുന്നവർക്ക് ആദ്യ ഒരുമണിക്കൂറിന് 37 രൂപ 50 പൈസ, അടുത്ത ഒാരോമണിക്കൂറിനും 22 രൂപ 50 പൈസ. എട്ടു മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 195 രൂപയാണ് ദിവസ വേതനം. ഇവർക്ക് വീട്ടുടമ രണ്ട് നേരത്തെ ഭക്ഷണം നൽകണം. ആഴ്ചയിൽ ഒരു ദിവസം അവധി, അതിന് ഒാവർടൈം നിരക്കിൽ വേതനവും നൽകണം. തൊഴിലുടമയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്നവർക്ക് മൂന്നുനേരത്തെ ഭക്ഷണവും വേതനത്തിന്റെ അഞ്ച് ശതമാനം അധികമായും നൽകണം. കുട്ടികളെ പരിപാലിക്കുന്നവർക്ക് ദിവസം 201 രൂപ, വീട്ടുജോലികളും വൃദ്ധരുടെ പരിപാലനവും ചെയയ്ുന്നവർക്കും കൂലി 201 രൂപയാണ്.
പാചക തൊഴിലാളികൾക്ക് 193 രൂപ, പുറം പണികൾചെയ്യുന്നവർക്ക് 195, വിദഗ്ധപരിശീലമുള്ള ഹോം നേഴ്സിന് 225, വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്നവർക്ക് 219, ഡ്രൈവർ, തോട്ടക്കാർ എന്നിവർക്ക് 219 രൂപയാണ് ദിവസക്കൂലി. സർക്കാർ പ്രസിദ്ധീകരിക്കുന്ന അവശ്യസാധനങ്ങളുടെ വില സൂചികയിലെ വർദ്ധന അനുസരിച്ച്, അടിസ്ഥാന ശമ്പളത്തിന്റെ അഞ്ച് ശതമാനം ക്ഷാമബത്തയായി നൽകാനും തൊഴിലുടമ തയ്യാറാകണമെന്നാണ് തൊഴിൽ വകുപ്പ് പറയുന്നത്. നാല് അംഗങ്ങളുള്ള വീടകൾക്കാണ് ഈ നിരക്കുകൾബാധകം അംഗങ്ങൾ കൂടും തോറും , അംഗങ്ങൾകൂടും തോറും അടിസ്ഥാന ശമ്പളത്തിന്റെ അഞ്ച് ശതമാനം വർധന നൽകണം. 18 വയസ്സിൽ താഴെയുള്ളവരെ ജോലിക്ക് വെക്കാന്‍പാ ടില്ല, സ്ത്രീതൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നീ നിബന്ധനകളും ഉണ്ട്.
സർക്കാർ നിശ്ചയിച്ചയിച്ചിട്ടുള്ളതിലും വളരെ കൂടുതലാണ്. ഇപ്പോൾ നിലനിൽക്കുന്ന കൂലി. പക്ഷേ അതിന്റെ ഗുണം തൊഴിലാളികൾക്ക് കിട്ടുന്നുണ്ടോ? തൊഴിലെടുക്കുന്നവരെയും തൊഴിലുടമകളെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ഏജൻസികളെ നിയന്ത്രിക്കാൻ സംവിധാനമില്ലാത്തിടത്തോളം , ഈ ഉത്തരവിന്റെ പ്രസക്തി എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.