കാലം മാറിയിരിക്കുന്നു. മികച്ച ജീവനക്കാരെ ചോദിക്കുന്ന ശമ്പളം കൊടുത്തു നിലനിർത്താൻ കോർപറേറ്റ് കമ്പനികൾ നിർബന്ധിതരാകുന്നു. മികവ്, യോഗ്യതകൾ, മറ്റു നൈപുണ്യം എന്നിവയ്ക്ക് അനുസൃതമായി മികച്ച ശമ്പളം പറഞ്ഞുറപ്പിക്കുന്നത് ഇന്നത്തെ ഇന്റർവ്യൂകളിൽ പതിവാണ്. കമ്പനിക്കും ഇന്റർവ്യൂ ബോർഡിനും നീരസമുണ്ടാകാതെ മികച്ച ശമ്പളം എങ്ങനെ ഉറപ്പാക്കാം ?
ഉദ്യോഗാർഥികൾ പലവിധം ഉദ്യോഗാർഥികൾ തന്നെ പലവിധമുണ്ട്. പഠനം കഴിഞ്ഞ് ജോലിയിലേക്കു പ്രവേശിക്കുന്ന പുതിയ ഉദ്യോഗാർഥികളാണ് ഒരു വിഭാഗം – മുൻപരിചയമില്ലാത്ത‘ഫ്രഷേഴ്സ്’. ജോലിയിലെത്തി കുറച്ചുനാൾ കഴിഞ്ഞവരാണു രണ്ടാമത്തെ വിഭാഗം. മൂന്നാമതൊരു വിഭാഗം ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യം നേടിയവരും സീനിയർ സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കുന്നവരുമായിരിക്കും. തൊഴിൽ പരിചയത്തിനു നമുക്കറിയാവുന്നതു പോലെ ശമ്പള ചർച്ചയിൽ വലിയ പ്രാധാന്യമുണ്ട്.
തുടക്കക്കാർ കരുതലോടെ കോളജ് പഠനം പൂർത്തിയാക്കി തൊഴിൽരംഗത്തേക്കു കടക്കുന്നയാളാണോ ? നിങ്ങൾക്കു പൂർണമായും വിലപേശൽ ശേഷി കൈവന്നിട്ടില്ല. പക്ഷേ ഇതിനർഥം, ശമ്പളത്തിന്റെ കാര്യം സംസാരിക്കുകയേ വേണ്ടെന്നല്ല.
ആദ്യമായി കമ്പനിയെക്കുറിച്ച് മനസ്സിലാക്കുക. ‘ഗ്ലാസ്ഡോർ’ പോലെയുള്ള ഓൺലൈൻ പോർട്ടലുകളിൽ കമ്പനിയെ സംബന്ധിച്ച വിവരങ്ങളും അവിടെ ജോലിയെടുക്കുന്നവരുടെ അഭിപ്രായവും അറിയാം. തുടക്കക്കാർക്കു നിശ്ചിത ശമ്പളം തീരുമാനിച്ചിരിക്കുന്ന കമ്പനിയാണെങ്കിൽ പേശിയിട്ടു വലിയ കാര്യമില്ല.
പ്ലേസ്മെന്റ് ഇന്റർവ്യൂവിൽ ചിലപ്പോൾ ശമ്പളക്കാര്യം പറയണമെന്നില്ല. പറയാത്ത പക്ഷം വെറുതെ അതു വലിച്ചിടുകയും വേണ്ട. കമ്പനിയുടെ കോൾ ലെറ്റർ കിട്ടിയശേഷം എച്ച്ആർ ഉദ്യോഗസ്ഥനുമായുള്ള കൂടിക്കാഴ്ച വരെ കാത്തിരിക്കുക. വളരെ യാഥാർഥ്യബോധത്തോടെ ശമ്പളക്കാര്യം സംസാരിക്കുക. നമുക്കുള്ള കഴിവുകൾ വ്യക്തമാക്കിയ ശേഷം ഇത്ര ശമ്പളം തനിക്കു തരുന്നതു കൊണ്ടു കമ്പനിക്ക് ഒരു നഷ്ടവും സംഭവിക്കില്ലെന്നു പറയാം.