എന്റെ പേര് ഷാജി നൂറുദ്ദീൻകുഞ്ഞ്. കുടുംബസമേതം ദുബായിലാണ്. വിദേശത്തിരുന്നു നാട്ടിൽ വീടുപണിയുമ്പോൾ പലർക്കും സംഭവിച്ച അബദ്ധങ്ങളെക്കുറിച്ചും കബളിപ്പിക്കലുകളെക്കുറിച്ചും ഇവിടെത്തന്നെ പലവട്ടം വായിച്ചിട്ടുണ്ട്. അത് മനസ്സിൽ വച്ചാണ് വീടുപണിയാനിറങ്ങിയതും. എന്നാൽ, എന്റെ അനുഭവം നേരെ തിരിച്ചായിരുന്നു. എന്റെ നല്ല അനുഭവം പങ്കുവയ്ക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഞാനീ കുറിപ്പ് എഴുതുന്നത്.
ഞാൻ വിചാരിച്ചതിലും ഭംഗിയായി ഒരു പരാതിയുമില്ലാതെ വീടുപണി പൂർത്തിയാക്കാൻ സാധിച്ചു. അതിനുള്ള നന്ദി രണ്ട് പേരോടാണ്. എന്റെ ഭാര്യാസഹോദരൻ സാദിഖിനോടും ഡിസൈനർ ബിജു ചന്ദ്രനോടും. ഞങ്ങളുടെ അഭാവത്തിൽ സാദിഖായിരുന്നു വീടുപണിയുടെ മേൽനോട്ടം നിർവഹിച്ചതും ഡിസൈനറെ കണ്ടുപിടിച്ചതുമെല്ലാം. ഇടയ്ക്ക് ഒന്നുരണ്ടു വട്ടം വന്നുപോയതൊഴിച്ചാൽ വാട്സ്ആപ്പ് വഴിയായിരുന്നു ഞങ്ങളുടെ ആശയവിനിമയം.
പ്ലാൻ വരച്ചതും സ്ട്രക്ചർ വരെ പണിതതും കൊല്ലത്തെ ഒരു കൺസ്ട്രക്ഷൻ ഗ്രൂപ് ആണ്. ഇന്റീരിയറിനായി ഒരു ഡിസൈനറെ സമീപിച്ചുവെങ്കിലും തുക കൂടുതലും അവർ നൽകുന്ന സേവനങ്ങൾ കുറവുമായി തോന്നിയതിനാൽ വേണ്ടെന്നുവച്ചു. അപ്പോഴാണ് സാദിഖ് ബിജുവിനെക്കുറിച്ചു പറയുന്നത്. ഞങ്ങളുടെ വീടിനെ ഇപ്പോൾ കാണുന്ന ഈ വീടാക്കിയെടുത്തത് ബിജുവാണ്. ഞങ്ങൾക്ക് പ്രത്യേകിച്ച് നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല.
തറയിൽ ജിഗ്നി മാർബിൾ ആണ് വിരിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ജിഗ്നിയിൽ നേരിട്ടു പോയി മാർബിൾ വാങ്ങുകയായിരുന്നു. ഇവിടെ ചതുരശ്രയടിക്ക് 330 രൂപ പറഞ്ഞ മാർബിൾ അവിടെനിന്ന് വണ്ടിക്കൂലിയടക്കം 160 രൂപയ്ക്ക് സൈറ്റിലെത്തിച്ചു. ബിജു ഈ വീട് ഏറ്റെടുക്കുമ്പോൾ സ്ട്രക്ചറും ഫ്ലോറിങ്ങും പൂർത്തിയായിരുന്നു. ഫ്ലോറിങ് ചെയ്തപ്പോൾ കോൺക്രീറ്റിങ് ശരിയാകാത്തതു കൊണ്ടാണെന്നു തോന്നുന്നു തറയിൽ ചിലയിടങ്ങളിൽ പാടുവീണിട്ടുണ്ട്. അതു മാത്രമേയുള്ളൂ വീടുപണിയിലെ ഒരു പാളിച്ച.