അമ്മയ്ക്ക് കാൻസർ വന്ന ദിനങ്ങളെ ഒാർക്കുകയാണ് നടി മഞ്ജുവാര്യർ. അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങൾ പുറത്തു കാണിച്ചില്ല. അമ്മ തളരാൻ പാടില്ല. അന്നു രാത്രി ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. അർബുദത്തെ നമ്മൾ ചെറുത്തു തോൽപിക്കും.’’മനോരമന്യൂസിന്റെ കേരള കാൻ മൂന്നാം പതിപ്പിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാംപിലായിരുന്നു മഞ്ജുവാരിയരുടെ നേർസാക്ഷ്യം.
‘‘ഇന്നിപ്പോൾ പതിനേഴു വർഷം കഴിഞ്ഞു. പഴയതിനേക്കാൾ ഊർജ്വസ്വലയാണ് എന്റയമ്മയിപ്പോൾ. തിരുവാതിരകളിയിലും ആർട്ട് ഓഫ് ലിവിങ്ങിലുമൊക്കെ സജീവം. നാലു വർഷം മുൻപ് അച്ഛനു കാൻസർ വന്നപ്പോഴും ഞങ്ങൾ പതറിയില്ല.നാളെ എനിക്കു വന്നാലും (വരാതിരിക്കട്ടെ) തളരില്ല. കാരണം അനുഭവങ്ങൾ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എനിക്ക്’’.
മഞ്ജുവാരിയർ പകർന്നു നൽകിയ പ്രതീക്ഷയുടെ മെഴുകുതിരി നാളം തെളിച്ചു കുട്ടികൾ കാൻസറിനെതിരായ പ്രതിജ്ഞയെടുത്തു.ഇറാം മോട്ടോഴ്സ് ഡയറക്ടർ സക്കീർ ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ ഫാ. സി.സി.ജോൺ, ഹെഡ്മിസ്ട്രസ് ആശ ആനി ജോർജ്, മനോരമ ന്യൂസ് സീനിയർ കോ–ഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു തുടങ്ങിയവർ പങ്കെടുത്തു.