ഒരു മാംഗോ ഐസ്ക്രീമിന്റെ മധുരത്തിൽ നിഹാൽ എന്ന ഒന്നാംക്ലാസുകാരൻ പറന്നിറങ്ങിയത് ലോസ്ആഞ്ചലസ് നഗരത്തിലേക്കാണ്. അവിടെനിന്നു ലണ്ടനിലേക്കും. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും ഏറെ പ്രശസ്തമായ ടെലിവിഷൻ സ്റ്റുഡിയോയിലേക്കുള്ള നിഹാലിന്റെ യാത്രകളെ സ്വപ്നസമാനമെന്നു മാത്രം വിശേഷിപ്പിച്ചാൽ ആ നേട്ടത്തിന്റെ മധുരം കുറഞ്ഞുപോകും. പുട്ടുകുറ്റിയുടെയത്ര നീളമുള്ള പ്രായത്തിലാണു നിഹാൽ രാജഗോപാൽ എന്ന കിച്ച യുഎസിൽ എലെൻ ഷോയിൽ പുട്ടുണ്ടാക്കി സായ്പിനെ കൊതിപ്പിച്ചത്. അരിവറുത്തു പൊടിയെടുത്ത് പുട്ടുചുട്ട കേരളത്തിന്റെ സ്റ്റീംകേക്ക് കണ്ട് സായിപ്പു ഞെട്ടി.
അമേരിക്കൻ ഷോയുടെ വാർത്ത നവമാധ്യമങ്ങളിൽ വന്നതോടെ അടുത്തക്ഷണം ലണ്ടനിലേക്കായിരുന്നു. ഐടിവിയിലെ ലിറ്റിൽ ബിഗ് ഷോട്സ് റിയാലിറ്റി ഷോയിൽ ലോകത്തെ മിടുക്കരായ 13 കുട്ടികളിലൊരാളായി കസറിയപ്പോൾ കിച്ച വിളമ്പിയതു തേൻകരിക്കിന്റെ രുചിയുള്ള ഇളനീർ ഐസ്ക്രീം. ഇന്ത്യയിൽനിന്ന് എലെൻഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, ലിറ്റിൽ ബിഗ് ഷോട്സ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ആദ്യ മലയാളി, യുട്യൂബിൽ സ്വന്തമായി കിച്ചൻ ചാനൽ ഉള്ള ബാലൻ, യുട്യൂബിൽനിന്നു മാസം 15,000 രൂപ പ്രതിഫലം വാങ്ങുന്ന കുട്ടി... ആറു വയസ്സിനിടെ കിച്ച സ്വന്തമാക്കിയത് മധുരമൂറുന്ന നേട്ടങ്ങൾ.
ഫെയ്സ്ബുക് കൊടുത്തു 2000 ഡോളർ
കോഴിക്കോട്ടെ പ്രശസ്ത കോളജിലെ അസിസ്റ്റന്റ് പ്രഫസർ ജോലി രാജിവച്ച് കൊച്ചിയിൽ കേക്ക് ബിസിനസ് നടത്തുന്ന അമ്മ റൂബി ഉണ്ടാക്കുന്ന കേക്ക് മണമാണ് നാലാം വയസ്സിൽ നിഹാലിനെ അടുക്കളയിലെത്തിച്ചത്. പാചകത്തിൽ തെളിഞ്ഞപ്പോൾ ആദ്യം ഉണ്ടാക്കിയത് മിക്കി മൗസ് മാംഗോ ഐസ്ക്രീം. പാകംചെയ്യുന്ന വിധം ഇംഗ്ലിഷിൽ സ്റ്റൈലായി വിവരിക്കുന്ന വിഡിയോ പിതാവും സെൻട്രൽ അഡ്വർടൈസിങ് കമ്പനി മാനേജരുമായ രാജഗോപാൽ വെറുതെ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. അതിനു ലൈക്ക് കൂടിയതോടെ കിച്ച കുക്കിങ്ങിനുവേണ്ടി സ്വന്തമായി ഒരു ചാനൽ തുടങ്ങി. സ്റ്റൈലനൊരു പേരുമിട്ടു; കിച്ച ട്യൂബ്. 2015 ജനുവരി മുതൽ ഇതുവരെ ഇരുപതിലേറെ വിഡിയോകളാണു രുചിമണത്തോടെ അപ്‌ലോഡ് ചെയ്തത്.
കിച്ച ട്യൂബ് യുട്യൂബിൽ രുചി പിടിക്കുന്നതിനിടെയാണ് ഫെയ്സ് ബുക്കിൽനിന്ന് ആ മെയിൽ എത്തുന്നത്. കിച്ചയുടെ മിക്കി മൗസ് മാംഗോ ഐസ്ക്രീം വിഡിയോ ഫെയ്സ് ബുക്കിന് കൈമാറുന്നോ എന്നായിരുന്നു ചോദ്യം. ഏതു പ്രായക്കാർക്കും ഫെയ്സ്ബുക്കിൽ ഒരു ഇടമുണ്ട് എന്നു തെളിയിക്കാനുള്ള ഫെയ്സ്ബുക് ക്യാംപെയ്ന്റെ ഭാഗമായാണ് അവർ കിച്ചയുടെ വിഡിയോ ആവശ്യപ്പെട്ടത്. 2000 ഡോളർ (ഉദ്ദേശം 1,40,000 രൂപ) പ്രതിഫലം നൽകി ഫെയ്സ്ബുക് ആ വിഡിയോ വാങ്ങിയതോടെയാണു കിച്ചയുടെ രാശി തെളിഞ്ഞത്. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിക്കു കിട്ടിയ ആദ്യ പ്രതിഫലം. വാർത്ത ജർമനിയിലും ചൈനയിലും വരെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.
എലെൻ ഷോ
ഫെയ്സ്ബുക് വിഡിയോ വാങ്ങി അധികം വൈകാതെയാണു യുഎസിലെ എലെൻ ഷോയിലേക്കു കിച്ചയ്ക്കു വിളിയെത്തുന്നത്. ലോകപ്രശസ്തമാണ് എലെൻ ഡിജനറസ് അവതരിപ്പിക്കുന്ന എലെൻ ഷോ. മിഷേൽ ഒബാമയും മലാല യൂസഫ്സായിയുമടക്കം അതിഥികളായെത്തിയവരൊക്കെ ലോകപ്രശസ്തർ. ഇന്ത്യയിൽനിന്ന് ഇതിനുമുൻപു പങ്കെടുത്തതു നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ തുടങ്ങിയ വെള്ളിനക്ഷത്രങ്ങൾ. ലൊസാഞ്ചലസിൽ വിമാനമിറങ്ങിയ കിച്ചയും വീട്ടുകാരും ശരിക്കും ഞെട്ടി. തങ്ങളെ സ്വീകരിക്കാൻ അയച്ചിരിക്കുന്നത് ലിമോസിൻ കാർ. ഹിൽട്ടൻ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ താമസം.
ലിറ്റിൽ ഷെഫിനു പരിപാടിയിൽ അവതരിപ്പിക്കാൻ ഒരു വിഭവം വേണം. അപ്പോഴാണു ‘പുട്ട്’ ആവിപറപ്പിച്ചെത്തിയത്. ഏത്തപ്പഴവും തേനും തേങ്ങയും ഫില്ലറായ പുട്ടിനുള്ള സ്പെഷ്യൽ റെസിപ്പിയും പുട്ടുപൊടിയുമൊക്കെ കൊടുത്തത് നടൻ ദിലീപിന്റെ ദേ പുട്ട് റസ്റ്ററന്റാണ്. എട്ടു മിനിറ്റ് പരിപാടിക്കിടെ കിച്ച എലെനെ പുട്ടുണ്ടാക്കാൻ പഠിപ്പിക്കുക മാത്രമല്ല, ‘പുറ്റുകുറ്റി’ എന്നു പറയിക്കുക കൂടി ചെയ്തു. യുട്യൂബിൽ എലെൻ എപ്പിസോഡ് അവരുടെ ഔദ്യോഗിക സൈറ്റിൽ മാത്രം കണ്ടത് 40 ലക്ഷം പേരാണ്. പരിപാടിക്കിടെയാണ് കിച്ച ഒരാഗ്രഹം പറഞ്ഞത്. ഡബിൾ ഡെക്കർ വിമാനത്തിൽ യാത്ര ചെയ്യണം. എമിറേറ്റ്സ് ഡബിൾഡക്കർ വിമാനത്തിൽ കുറച്ചുസമയം കോക്പിറ്റിൽ ഇരുന്നായിരുന്നു കിച്ചയുടെ മടക്കയാത്ര – ഷോ നൽകിയ സെലിബ്രിറ്റി സ്റ്റാറ്റസ്.
ലിറ്റിൽ ബിഗ് ഷോട്സ്
രണ്ടാഴ്ച മുൻപാണ് ലണ്ടനിലെ ഐ ടിവിയിൽ ലിറ്റിൽ ബിഗ് ഷോട്സ് റിയാലിറ്റി ഷോയിൽ ക്ഷണിക്കപ്പെട്ട 13 മിടുക്കരിൽ ഒരാളായി കിച്ച പങ്കെടുത്തത്. പല മേഖലകളിൽ മികവുകാട്ടിയ ലോകമെങ്ങുമുള്ള 130 കുട്ടികളിൽനിന്നു തിരഞ്ഞെടുത്തവർ അവതരിപ്പിക്കുന്ന പരിപാടിയാണ് ലിറ്റിൽ ബിഗ് ഷോട്സ്. കരാട്ടെയും ഡാൻസും സ്പെൽബീയുമൊക്കെയായി ബാക്കി 12 പേരും മിന്നിയപ്പോൾ കിച്ചയുടെ ഇളനീർ ഐസ്ക്രീം നാടൻ കരിക്കിന്റെ കിളുന്നു രുചി പുറത്തെടുത്തു. ഈ പാചകപരീക്ഷണങ്ങളൊക്കെ നടത്തുന്ന കിച്ചയുടെ ഇഷ്ടവിഭവം എന്തെന്നോ–നെയ്റോസ്റ്റ്. അൽപം വലുപ്പമുണ്ടെന്നതൊഴിച്ചാൽ നെയ്റോസ്റ്റ് സിംപിളാണ്; പവർഫുള്ളും. ഒരിക്കൽ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കിച്ച, ഷെഫിനെ നേരിൽകണ്ടു പറഞ്ഞു. ഈ സൂപ്പിന് എരിവു കൂടുതലാണ്. നിങ്ങൾ കുട്ടികൾക്കുവേണ്ടി സ്പെഷൽ മെനു ഉണ്ടാക്കണം.
കിച്ചയുടെ നിർദേശം ഹോട്ടൽ സ്വീകരിച്ചു. അവരുടെ പുതിയ മെനു കാർഡ് നോക്കിയാൽ കാണാം കിഡ്സ് സ്പെഷൽ ബുഫെ. കുട്ടികൾക്കായി സ്വന്തമൊരു റസ്റ്ററന്റ് തുടങ്ങുകയാണു കിച്ചയുടെ അടുത്ത ലക്ഷ്യം. വലുതാകുമ്പോൾ ബഹിരാകാശ സഞ്ചാരികൾക്കു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്ന അസ്ട്രൊനോട്ട് കുക്ക് ആകണം. അങ്ങനെ ഒരു തസ്തിക ഉണ്ടോ എന്നു ചോദിച്ചാൽ അതൊക്കെ ഉണ്ട് എന്നു കിച്ചയുടെ മറുപടി. അതിരുവിട്ടുള്ള സ്വപ്നങ്ങളാണല്ലോ എന്നും കിച്ചയ്ക്കുണ്ടായിരുന്നത്.