റോഡിൽ ഓടിക്കാൻ ശരിക്കു പഠിച്ചിട്ടു പോരേ ഓഫ് റോഡിങ് എന്നു ചോദിക്കരുത്, കാലം മാറി! പണ്ടു സ്കൂട്ടർ തുഴയുന്നവരെന്നും മൂട്ട കാറിൽ തട്ടിയും മുട്ടിയും പോകുന്നവരെന്നുമൊക്കെ പലരും കളിയാക്കി വിളിച്ച സ്ത്രീകളുടെ കൈകളിലാണിപ്പോൾ പല കരുത്തൻ വണ്ടികളുടെയും സ്റ്റീയറിങ്.
റോഡിൽ മാത്രമല്ല, ഓഫ് റോഡിലും ഒരു കൈ നോക്കാൻ കരുത്തുണ്ടെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു ഈ വളയിട്ട കൈകൾ! കരുത്തൻ വണ്ടികളുമായി കുതിക്കാനാഗ്രഹിക്കുന്ന ലേഡീസിനായി, ചില ഉപദേശങ്ങൾ ഇതാ ഇവിടെ. ഓഫ് റോഡിങ്ങിലെ ലേഡീസ് ഒൺലി ഗോൾഡൻ റൂൾസ്, വേണമെങ്കിൽ ജന്റ്സിനും വായിക്കാം!
ഓഫ് റോഡ് ഗോൾഡൻ റൂൾസ്
. സ്പെയറുകൾ
അത്യാവശ്യം പണിയറിഞ്ഞില്ലെങ്കിൽ ‘എൻജിൻ ഔട്ട് കംപ്ലീറ്റിലി’ സീനാകും! വണ്ടി ഇടയ്ക്കുവച്ചൊന്നു പണിമുടക്ക് പ്രഖ്യാപിച്ചാൽ പരിഹരിക്കാൻ വേണ്ട സ്പെയർ പാർട്സുകൾ (ടയർ, ഓയിൽ, ഉൾപ്പെടെ) നിർബന്ധമായും കരുതിയിരിക്കണം. അത്യാവശ്യം അറ്റകുറ്റപ്പണിയും വശമായിരിക്കണം.
. കാറ്റടിക്കാൻ പഠിക്കാം
കുന്നും മലയും കയറിപോകുന്നതിനിടയ്ക്കു ടയറിന്റെ കാറ്റ് പോയില്ലെങ്കിൽ പിന്നെന്തോന്ന് ഓഫ് റോഡ്! അങ്ങനെ കാറ്റുപോയ ടയറുകൾ നിറയ്ക്കാനായി പോർട്ടബിൾ എയർ കംപ്രഷറുകൾ വിപണിയിൽ ലഭിക്കും. അതുകൊണ്ട് കാറ്റടിക്കാനും പഠിച്ചേക്കണം.
. ചോദിച്ച് ചോദിച്ച് പോകാം
അമ്മച്ചി ഏക് ലഡ്കാ ഏക് ലഡ്കി ഇതുവഴി പോകുന്നത് കണ്ടോയെന്ന് ചോദിക്കാൻ പോലും ആരെയും കാട്ടുവഴികളിൽ കണ്ടുകൊള്ളണമെന്നില്ല. വഴിതെറ്റാതെ ഡെസ്റ്റിനേഷൻ എത്തണമെങ്കിൽ സുസജ്ജമായ നാവിഗേഷൻ സംവിധാനം വേണം
. അമിത വേഗം നോ.. നോ..
ഒരു പരിചയവുമില്ലാത്ത ദുർഘടങ്ങൾ ഏറെ നിറഞ്ഞ വഴിയിലൂടെ ആദ്യതവണ ഓടിക്കുമ്പോൾ മിന്നിച്ചുപോകാമെന്നു കരുതുന്നത് അബദ്ധമാണ്. പുല്ല് പുതഞ്ഞ കുഴികളിൽ ചെന്നു ചാടാനോ പാറകളിൽ ചെന്നിടിച്ച് അപകടംപറ്റാനോ ഉള്ള സാധ്യത വർധിപ്പിക്കും.
. വണ്ടി മിണ്ടും, കേൾക്കുക!
ചിന്തിക്കാനുള്ള കഴിവില്ലെങ്കിലും കാര്യങ്ങൾ മനസിലാക്കി സൂചന നൽകാൻ വാഹനത്തിനാകും. ഇൻഡിക്കേഷനുകളിൽ നിന്നു ഇന്ധനത്തിന്റെ അളവ്, ബാറ്ററിയുടെ അവസ്ഥ, ഓയിൽ ലെവൽ തുടങ്ങിയകാര്യങ്ങൾ മനസിലാക്കിയെടുക്കണം.
. ഗീയറും മനക്കണക്കും
‘ഓടുന്ന നായ്ക്ക് ഒരുമുഴം മുൻപെ’, എന്നതുതന്നെ സംഗതി. കുത്തുകയറ്റമോ, ചെളിക്കുഴിയോ, വെള്ളക്കെട്ടോ ഓടിക്കയറുന്നതിനിടയിൽ ഗിയർമാറ്റുന്നത് പലപ്പോഴും വിപരീത ഫലമേ ചെയ്യു. ഓരോ വഴിയും ഏത് ഗിയറിൽ കയറിപോകും എന്നു മുൻകൂട്ടി കണക്കുകൂട്ടുക. ഒരെത്തുംപിടിയും കിട്ടുന്നില്ലെങ്കിൽ വണ്ടിയിൽ നിന്നിറങ്ങി വഴിയുടെ അവസ്ഥ മനസിലാക്കുക, ശേഷം കാലുകൊടുക്കുക!