സ്വീഡിഷ് വാഹന നിര്‍മ്മാതാവായ വോള്‍വോയുടെ പുതിയ വാഹനത്തിന്‍റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ്ട്രാക്കില്‍.
സുരക്ഷയുടെ അവസാന വാക്കാണ് വോള്‍വോ. അത് പാസഞ്ചർ കാറായാലും ട്രക്കുകളായാലും, ബസുകളായാലും. ഇവർ xc 90ക്കും S90ക്കും ഇടയിലിറക്കുന്ന വാഹനമാണ് വി 90 ക്രോസ് കണ്‍ട്രി. സുരക്ഷയ്ക്കും ആഡംബരത്തിനും ഓഫ് റോഡിലും ഒരേ പോലെ പ്രവർത്തിക്കുന്ന ഒരു വാഹനം. ഇത് പുതിയ വിഭാഗത്തിൻ അവതരിപ്പിക്കുന്ന വാഹനം ആണ്. എസ്.യുവി വിഭാഗത്തിൽ ആണങ്കിലും ഒരു പ്രീമിയം കാറിന്റെ സുഖം ഇത് നൽകുന്നു.
രൂപകൽപ്പനാ മികവിനും ആഡംബരങ്ങൾക്കുമൊക്കെ പുരസ്കാരങ്ങളേറെ വാരിക്കൂട്ടിയ ചരിത്രമാണ് ‘എസ് 90’ ആഡംബര സെഡാന്റേത്. അതേ കാഴ്ചപ്പകിട്ടും അകത്തളവും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ നിലനിർത്തിയാണ് വോൾവോ ‘വി 90’ യാഥാർഥ്യമാക്കുന്നത്.
ആക്രമണോത്സുക ബംപറുകൾ, ബോഡി വർക്കിനു ചുറ്റും അധികമായി ബ്ലാക്ക് ക്ലാഡിങ്, മുന്നിലും പിന്നിലും ദൃഢത തോന്നിപ്പിക്കുന്ന സ്കഫ് പ്ലേറ്റ് എന്നിവയൊക്കെ കാറിലുണ്ട്. 210 mm ഗ്രൗണ്ട് ക്ലിയറൻസ്, ഓൾ വീൽ ഡ്രൈവ് എന്നിവയ്ക്കൊപ്പം റൂഫ് റെയിലും ‘വി 90 ക്രോസ് കൺട്രി’യിലുണ്ട്. 560 ലീറ്ററാണു ബൂട്ട് സ്പേസ്; രണ്ടാം നിര സീറ്റ് മടക്കിയാൽ സംഭരണ സ്ഥലം 1,526 ലീറ്ററായി ഉയരും.
‘എസ് 90’ സെഡാനു ഡി ഫോർ ഡീസൽ എൻജിനാണു കരുത്തേകുന്നത്; പരമാവധി 190 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം, ‘വി 90 ക്രോസ് കൺട്രി’യിൽ ഡി ഫൈവ് ഡീസൽ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത് ; 235 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനാവും. എന്നാൽ ട്രാൻസ്മിഷൻ ഇരു മോഡലുകളിലും ഒന്നു തന്നെ: എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്. ‘എസ് 90’ സെഡാനും ‘എക്സ് സി 90’ എസ് യു വിക്കുമിടയിലാവും ‘വി 90 ക്രോസ് കൺട്രി’ ഇടംപിടിക്കുക. പക്ഷേ കാറിന്റെ വില സംബന്ധിച്ചു നിലവിൽ സൂചനകളൊന്നുമില്ല.