പഠനത്തോടൊപ്പം കളികളും ഹോബികളുമൊക്കെയായി വിദ്യാർത്ഥി ജീവിതം ആഘോഷമാക്കുന്നവരാണ് ഇന്നത്തെ വിദ്യാർത്ഥികൾ . എന്നാൽ ഈ വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഏറെ വിത്യസ്തനാണ് സയ്യിദ് ഷാദിൽ എന്ന ഏഴാം ക്ലാസുകാരൻ. കുട്ടിത്തം വിട്ടുമാറാത്ത ഈ പ്രായത്തിൽ കൃഷിയെ ഏറെ സ്നേഹിക്കുകയും അതിനെ ഗൗരവത്തോടെ കാണുകയും ചെയ്യുന്നു സയ്യിദ് ഷാദിൽ. പേരിന് രണ്ടോ മൂന്നോ പച്ചക്കറികൾ നട്ടുവളർത്തി കൊണ്ടല്ല ഷാദിൽ കൃഷിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. അതറിയണമെങ്കിൽ കിഴക്കേപ്പുറത്തുള്ള ഷാദിലിന്റെ KMP വീട്ടിൽ വരണം. ഒരു വിദ്യാർത്ഥി ചെയ്ത കൃഷികളാണോ ഇതെന്ന് ആരും അത്ഭുതപ്പെട്ട് പോകും. അത്രയും മികവുറ്റ രീതിയിലുള്ള കൃഷികളും ഇന വൈവിധ്യവുമാണ് സയ്യിദ് ഷാദിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി കൽപ്പകഞ്ചേരി കൃഷി ഓഫീസർ രമേഷ് കുമാർ നടത്തിയ ബോധവൽക്കരണ ക്ലാസാണ് സയ്യിദ് ഷാദിൽ എന്ന വിദ്യാർത്ഥിയിലെ കർഷകനെ ഉണർത്തിയത്.
ഷാദിലിന് കൃഷിയോടുള്ള താൽപ്പര്യം തിരച്ചറിഞ്ഞ കൃഷി ഓഫീസർ രമേഷ് കുമാറും പിതാവ് സയ്യിദ് കരിം കോയ തങ്ങളും തുടർന്നങ്ങോട്ട് ഈ കുട്ടി കർഷകന് വേണ്ട എല്ലാ പിന്തുണയും നൽകി.
വീടിനോട് ചേർന്നുള്ള 30 സെന്റ് സ്ഥലമാണ് ഷാദിലിന്റെ കൃഷിയിടം. തെങ്ങിനിടയിലെ ഒഴിഞ്ഞ സ്ഥലം കിളച്ചിളക്കിയെടുത്താണ് ഭൂമി ഒരുക്കിയെടുത്തത്. കിളച്ചിളക്കിയ മണ്ണിൽ ഒരു കുഴിക്ക് 50 ഗ്രാം കുമ്മായം എന്ന കണക്കിന് കൂട്ടി ചേർത്താണ് മണ്ണിനെ പച്ചക്കറി കൃഷിക്ക് അനുയോജ്യമാക്കിയെടുത്തത്. മണ്ണിനെ സന്തുലിതാ മാക്കുന്നതിനൊപ്പം കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുന്നതിനും ഇത് സഹായിക്കും. അടിവളമായി കോഴി വളവും ചാണകപൊടിയുമാണ് നൽകിയിരിക്കുന്നത്. ബെഡ് ഒരുക്കിയാണ് പച്ചക്കറികളുടെ കൃഷി. വിത്തുപാകിയും തൈകൾ നട്ടുപിടിപ്പിച്ചും ആണ് പച്ചക്കറി ചെടികളുടെ കൃഷി. മിശ്ര കൃഷിയാണ് ഓരോ ബെഡിലും. പരിസ്ഥിതി എഞ്ചിനീയറിങ്ങ് സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി മിത്ര കീടങ്ങളെ വളർത്തുവാൻ ബെഡുകൾക്കിടയിൽ വെന്തിയും വാടാ മുല്ലയും നട്ടുപിടിപ്പിച്ചിരിക്കുന്നു. ഇത് കൂടാതെ എട്ട് പെട്ടി തേനീച്ചയും ഈ കുട്ടി കർഷകന്റെ കൃഷിയുടെ ഭാഗമായുണ്ട്.
18 ഇനം പച്ചക്കറികളും 27 ഇനം പഴ വർഗങ്ങളും ഷാദിലിന്റെ ഈ കൃഷിയിടത്തിൽ ഉണ്ട്. കാബേജ്, കോളി ഫ്ലവർ, ബ്രക്കോളി, റാഡിഷ്,
5 ഇനം ചീരകൾ, 3 ഇനം വഴുതന, പടവലം, പാവൽ, തക്കാളി, കുറ്റി അമര, അമര പയർ, ചതുരവയർ, കാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളം, മത്തൻ, പീച്ചിൽ, വെണ്ട, സവാള, 4 ഇനം മുളക് എന്നിങ്ങനെ നീളുന്നു പച്ചക്കറി കൃഷിയുടെ വൈവിധ്യങ്ങൾ
സ്വദേശിയും വിദേശിയുമടക്കമുള്ള പഴവർഗങ്ങളും ഈ കൃഷിയുടെ ഭാഗമാണ്. ഗാബ് ഫ്രൂട്ട്, പ്ലംസ്, റമ്പൂട്ടാൻ, മാംഗോസ്റ്റീൻ, ബറാബ്, സബർജിൽ, മിറാക്കിൾ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് , ചമ്പടക്ക, ദുരിയാൻ, പുലാസാൻ, പീനട്ട് ബട്ടർ, അബിയു, ലോങ്ങ് സൈറ്റ്, മിൽക്ക് ഫ്രൂട്ട്, ജംബോട്ടിക്ക, സലാക്കാ, സ്ട്രോബറി, സപ്പോട്ട, തുടങ്ങി മാവും, പ്ലാവും, നെല്ലിയുമെല്ലാം ഈ കുട്ടി കർഷകന്റെ കൃഷിയിടത്തിന്റെ ഭാഗമാണ്.
സയ്യിദ് ഷാദിലിന്റെ കൃഷിക്ക് വേണ്ട പ്രോൽസാഹനവും ഒപ്പം ശാസ്ത്രീയമായ മാർഗനിർദേശങ്ങളും നൽകുന്നത് കൽപ്പകഞ്ചേരി കൃഷി ഓഫീസർ രമേഷ് കുമാറാണ്.
പച്ചക്കറി കൃഷിയിൽ ശാസ്ത്രീയമായ നൂതന സംവിധാനങ്ങൾ എല്ലാം തന്നെ ഷാദിൽ നടപ്പാക്കിയിട്ടുണ്ട്. മഴ മറ ഒരുക്കി അതിനുള്ളിൽ വെണ്ട, പാവൽ, സലാഡ് വെള്ളരി എന്നിവ കൃഷി ചെയ്യുന്നുണ്ട് . ജലസേചനം പല രീതികളിൽ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. തുള്ളി നന സമ്പ്രദായമാണ് കൂടുതലായി നടപ്പാക്കിയിരിക്കുന്നത്. ഇത് കൂടാതെ കുറച്ച് പച്ചക്കറികൾക്ക് തിരി നന രീതിയിലാണ് ജലസേചനം. മൈക്രോ സ്പ്രിംഗളർ കൃഷിയിടത്തിലെ പൊതുവായ നനക്കു വേണ്ടിയും മഴ മറക്കുള്ളിലും ക്രമീകരിച്ചിട്ടുണ്ട്.
സമ്പൂർണ ജൈവകൃഷി ആയതു കൊണ്ട് തന്നെ ഇടവളമായി നൽകുന്നത് ജീവാമൃതവും മണ്ണിര കമ്പോസ്റ്റുമാണ്. ആവശ്യമായ മണ്ണിര കമ്പോസ്റ്റ് സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനു വേണ്ടി നല്ലൊരു പ്ലാന്റ് കൃഷിയിടത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. കൂടാതെ വളത്തിന്റെ ആവശ്യത്തിനു വേണ്ടി തന്നെ അസോള കൃഷിയുമുണ്ട്. മുട്ട അമിനോ അമ്ലവും മത്തി അമിനോ അമ്ലവും ഇടക്കിടെ ഇലകളിൽ സ്പ്രേ ചെയതു കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇത് കൂടാതെ മഞ്ഞ കെണി, ഫിറമോൺ കെണി എന്നിവയും കീട പ്രതിരോധത്തിനു വേണ്ടി കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കോഴികളുടെ ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് കൃഷിയിടത്തിനു ചുറ്റും നെറ്റ് ഉപയോഗിച്ച് മറച്ചിരിക്കുന്നത് .
മദ്രസയിലും സ്കൂളിലും പോകുന്നതിന് മുൻപും തിരിച്ച് വന്ന ശേഷവും ആണ് സയ്യിദ് ഷാദിൽ കൃഷിയുടെ പരിപാലനത്തിനായി ഇറങ്ങുന്നത്. ഒപ്പം സഹായവും പിന്തുണയുമായി ഉപ്പ സയ്യിദ് കരിം കോയ തങ്ങളും ഉമ്മ ആരിഫബീവിയും സഹോദരങ്ങളുമുണ്ടാകും.
വിദ്യാർത്ഥി ജീവിതത്തിനിടയിൽ കിട്ടുന്ന സമയങ്ങൾ ഗുണപ്രദവും ഫലപ്രദവും ആക്കി മാറ്റുന്ന ഒരു വിദ്യാർത്ഥി എന്നതു മാത്രമല്ല ഷാദിലിനെ വേറിട്ടു നിർത്തുന്നത്. കൃഷി ചെയ്യാൻ ഇച്ഛാശക്തിയുണ്ടെങ്കിൽ, പ്രായം ഒരു തടസമല്ല എന്നുകൂടി തെളിയിച്ചു ഈ കൊച്ചു മിടുക്കൻ. അതെ.... സയ്യിദ് ഷാദിൽ ഒരു മാതൃകയാണ്. നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന് മാത്രമല്ല, സ്ഥലവും സൗകര്യവും ഒക്കെ ഉണ്ടായിട്ടും കൃഷിയോട് മുഖം തിരിച്ചു നിൽക്കുന്ന എല്ലാവർക്കും കണ്ടു പഠിക്കാനുള്ള ഒരു മാതൃക.