വീട്ടുമുറ്റത്തും മട്ടുപ്പാവിലും ൈജവകൃഷിയിറക്കാൻ ഇനി മണ്ണിനായി പരക്കംപായേണ്ട. പഞ്ചസാര മില്ലുകളിൽ നിന്ന് പുറന്തള്ളുന്ന ഉപോൽപന്നമായ പ്രസ് മഡാണ് മണ്ണിനു പകരമായി ഉപയോഗിക്കുന്നത്. മണ്ണിന് പകരക്കാരനെ തേടാൻ ഒരു കാരണമുണ്ട്. കൃഷി ചെയ്യാൻ മണ്ണില്ലാതായിരിക്കുന്നു. സാധാരണ ഒരു ഗ്രോ ബാഗിന് അഞ്ച് കിലോ മണ്ണ് വേണം. ഒരു വീട്ടിൽ 30 ഗ്രോ ബാഗ് വേണമെങ്കിൽ 150 കിലോ മണ്ണ് വേണം.
എറണാകുളം കൃഷി വിജ്ഞാനകേന്ദ്രമാണ് ഇതിനു പ്രചാരം നൽകുന്നത്. എടവനക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വയംസഹായസംഘമാണ് കെവികെയുടെ സാങ്കേതിക സഹായത്തോടെ നടീൽ മിശ്രിതം തയാറാക്കി വിപണിയിലെത്തിക്കുന്നത്. മണ്ണില്ലാ നടീൽ മിശ്രിതം ഗുണമേൻമയുള്ള മേൽമണ്ണിനെക്കാൾ പോഷകസമ്പുഷ്ടമെന്ന് സിഎംഎഫ്ആർഐയുടെ കൃഷിവിജ്ഞാനകേന്ദ്രം പരീക്ഷണത്തിലൂടെ തെളിയിച്ചിരുന്നു. കെവികെയുടേത് വെറും അവകാശവാദമല്ലെന്ന് ഉപഭോക്താക്കൾക്ക് അനുഭവപ്പെടുക തന്നെ ചെയ്യും.
കൃഷിക്കാരിൽ പരീക്ഷിച്ച് ഗുണമേൻമ ഉറപ്പ് വരുത്തിയ ശേഷമാണ് ഇവ വിപണിയിൽ എത്തിച്ചിരിക്കുന്നതും. പഞ്ചസാര മില്ലുകളിൽ നിന്ന് പുറന്തള്ളുന്ന ഉപോൽപന്നമായ പ്രസ് മഡിനൊപ്പം ഇതിനൊപ്പം ചാണകപ്പൊടി, ചകിരിച്ചോറ്, ഡോളമൈറ്റ്, സ്യൂഡോമൊണാസ് എന്നിവ ചേർത്താണ് മണ്ണില്ലാ നടീൽ മിശ്രിതം തയാറാക്കിയിരിക്കുന്നത്. വൈപ്പിൻ ഹരിശ്രീ സ്വയംസഹായസംഘമാണ് മിശ്രിതം വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കുന്നത്. താൽപര്യമുള്ള സ്വയംസഹായസംഘങ്ങൾക്ക് ഇതിൽ വിദഗ്ധ പരിശീലനവും നൽകും. കൊച്ചിയിൽ തുടക്കമിട്ട പദ്ധതി സംസ്ഥാനവ്യാപകമാക്കാനും സിഎംഎഫ്ആർഐ കൃഷി വിജ്ഞാനകേന്ദ്രം ശ്രമിക്കുന്നുണ്ട്.