പരിമിതമായ സ്ഥലം. ചുറ്റുപാടും തിങ്ങിനിറഞ്ഞു വീടുകൾ. പ്ലോട്ടിന് മുന്നിലൂടെ ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വഴി. പ്ലോട്ടാണെങ്കിൽ ദീർഹചതുരാകൃതി. അംഗമാലിയിലുള്ള വിജുവിനും ഭാര്യ സ്റ്റെല്ലയ്ക്കും വേണ്ടി വീട് ഡിസൈൻ ചെയ്യാനുള്ള മുന്നൊരുക്കമായി ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസ് നടത്തിയ പ്ലോട്ട് സന്ദർശനത്തിന്റെ ചുരുക്ക വിവരമാണിത്.
സമകാലീന ശൈലിയിലുള്ള ഡിസൈൻ എന്നതിലുപരി ലാൻഡ്‌സ്‌കേപ്പിനും പച്ചപ്പിനും പരമാവധി പ്രാധാന്യം വീടിനകത്തും പുറത്തും വേണമെന്നതായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. കൂടാതെ വീടിനു പുറകു വശത്തേയ്ക്ക് വാഹനം കടന്നുപോകാനുള്ള വഴിയും ഒപ്പം കൂടുതൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവും ലഭിക്കണം. ഓരോ സ്പേസും കൗതുകമുണർത്തുംവിധം ഒഴുകി നീങ്ങുന്ന ഒരനുഭവമായിരിക്കണം വീടിന്റെ അകത്തളങ്ങളിൽ ലഭിക്കേണ്ടത്. ഇങ്ങനെ സ്വന്തം വീട് എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ഒരു ചിത്രം വീട്ടുകാർ ആർക്കിടെക്ടിനു മുന്നിൽ വച്ചപ്പോൾ ഓരോ ആഗ്രഹങ്ങളെയും പരസ്പരം കോർത്തിണക്കി ആദ്യ രൂപരേഖ ആർക്കിടെക്ട തയ്യാറാക്കി. ഓരോ കോമൺ സ്പേസും മിഴി തുറക്കുന്നത് മനോഹരമായ പച്ചപ്പിലേക്കായിരുന്നു. സൈഡ് കോർട്യാർഡുകളും, വരാന്തയും, സിറ്റൗട്ടും എന്തിനു ചുറ്റുമതിൽപോലും പച്ചപ്പണിഞ്ഞു. ഈ കാഴ്ചകളെ കൂടുതൽ ആസ്വാദ്യകരമാക്കുംവിധം അകത്തളങ്ങൾ അണിഞ്ഞൊരുങ്ങി. മുണ്ടാടൻ വീടിനുള്ളിലെ ഓരോ ഇടവും വീട്ടുകാരുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറി.