ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് പിന്നാലെ കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിക്കുന്നു. ബോംബേറിലും, ഓഫിസ് ആക്രമണങ്ങളിലുമായി മൂപ്പത്തിയേഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്ത്. പാനൂരിൽ നടന്ന പരിശോധനയിൽ ബോംബുകളും വടിവാളും പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ പാനൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനുനേരെ ഒന്നിലേറെ തവണയാണ് ബോംബേറുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടു. മൂപ്പത്തിയഞ്ച് പേരെ പ്രതികളാക്കി പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ബോംബ് സ്ക്വാഡ് നടത്തിയ പരിശേധനയിൽ കടയുടെ പുറകിൽ ഒളിപ്പിച്ച രണ്ട് ബോംബുകളും വടിവാളും കണ്ടെടുത്തു.
ഉച്ചയ്ക്ക് ഒന്നരയോടെ തലശേരി മലാലിൽ സിപിഎം ഓഫിസിൽനിന്ന് സ്ഫോടന ശബ്ദം കേട്ടെങ്കിലും പൊലീസ് നടത്തിയ പരിശോധനയിൽ ബോംബ് കണ്ടെടുക്കാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ ജനൽചില്ലുകൾ തകർന്ന നിലയിലാണ്. ഓഫിസിലുണ്ടായിരുന്ന ബോംബുകൾ സിപിഎം പ്രവർത്തകർ ഒളിപ്പിച്ചെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, കടമ്പൂരിൽ രാജീവ് ഗാന്ധി കൾച്ചർ സെന്റർ ആക്രമിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മേലൂർ സ്വദേശികളായ സുമീഷ് സുരേന്ദ്രർ, പ്രതീഷ് ബാലൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷ മേഖലയിൽ കനത്ത പൊലീസ് കാവൽ തുടരുകയാണ്.