കാട്ടാക്കട∙ പീഡനം എന്തെന്ന സംശയം അമ്മയോടു തീർത്ത ഒൻപതു വയസ്സുകാരി കാര്യം മനസ്സിലായതോടെ തന്നെ ഉപദ്രവിച്ച വയോധികനെക്കുറിച്ചു പറഞ്ഞു. മാതാവിന്റെ പരാതിയിൽ 65 വയസ്സുകാരനെ പൊലീസ് പൊക്കി. കൊണ്ണിയൂർ ഉറിയാകോട് താന്നിയോട് ബഥേൽ ഭവനിൽ സത്യദാസ് (65) ആണു പിടിയിലായത്.
ടെലിവിഷനിലെ പീഡന വാർത്തകൾ കേട്ട ഒൻപതുകാരി അമ്മയോട് എന്താണു പീഡനമെന്ന് ആവർത്തിച്ച് അന്വേഷിക്കുകയായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീടു കുട്ടിക്ക് അമ്മ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നൽകി. കേട്ടുനിന്ന കുട്ടി അപ്രതീക്ഷിതമായാണു മാതാവിനോട് തനിക്കു മൂന്നുമാസം മുമ്പു നേരിട്ട അനുഭവം പറഞ്ഞത്.
മിഠായി നൽകി പരിചയത്തിലായ സത്യദാസ് ശാരീരിക ഉപദ്രവങ്ങൾ പതിവാക്കിയിരുന്നെന്ന മകളുടെ വാക്കുകൾ കേട്ടു സ്തബ്ധയായ മാതാവ്, വീട്ടുകാരുമായും ബന്ധുക്കളുമായും സംസാരിച്ചശേഷം കാട്ടാക്കട പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ പൊലീസ് കയ്യോടെ പൊക്കി. പോക്സോ വകുപ്പു പ്രകാരം കേസ് റജിസ്റ്റർ ചെയ്തു കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു