കൊച്ചിയിലെ സിപിഎം നേതാവിൽ നിന്ന് പലിശക്കെടുത്ത പണത്തിൻറെ പേരിൽ പന്തൽ കോൺട്രാക്ടർക്ക് മർദനം. സംഭവത്തിൽ മുൻകൗൺസിലറും എറണാകുളം ഏരിയാ കമ്മിറ്റിയംഗവുമായ കെ. വി മനോജിനും ഭാര്യയ്ക്കുമെതിരെ കലൂർ സ്വദേശി ഡൊമിനിക് പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകി. 15 ലക്ഷം രൂപ വാങ്ങിയ ശേഷം പലിശയടക്കം 33 ലക്ഷം രൂപ തിരികെ നൽകിയിട്ടും ആക്രമിക്കുന്നുവെന്നാണ് പരാതി.
സിപിഎം നേതാവിൻറെ ഭാര്യയിൽ നിന്ന് പലിശയ്ക്കെടുത്ത പണത്തിൽ ഇരട്ടി തിരിച്ചു കൊടുത്തിട്ടും പാർട്ടിയിലെ ആളുകളെ ഉപയോഗിച്ച് ആക്രമിക്കുന്നുവെന്നാണ് പരാതി. കൊച്ചിയിൽ പന്തൽ പണിയുടെ കോൺട്രോക്ടറായ എൻ.എ ഡോമിനിക്കാണ് സിപിഎം ഏരിയാ കമ്മിറ്റിയംഗം കെ. വി മനോജിനും ഭാര്യയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും നോർത്ത് പൊലീസിനും പരാതി നൽകിയത്. കെ. വി മനോജിൻറെ ഭാര്യ ഉഷയിൽ നിന്ന് മൂന്നു തവണകളായി 15 ലക്ഷം രൂപ ഡൊമിനിക് വാങ്ങിയിരുന്നു. ഇതിന് പലിശയും മുതലുമടക്കം 33 ലക്ഷത്തി നാൽപതിനായിരം മടക്കി നൽകി. എന്നാൽ വട്ടിപ്പലിശക്കണക്കിൽ മൂന്നേകാൽ ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഉപദ്രവിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ വെള്ളായാഴ്ച പണം ആവശ്യപ്പെട്ട് രണ്ട് പേർ ഡൊമിനിക്കിനെ മർദിച്ചുവെന്നും പരാതിയുണ്ട്.
എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആർക്കും പണം പലിശയ്ക്ക് നൽകിയിട്ടില്ലെന്നും കെ.വി മനോജ് പ്രതികരിച്ചു. പണമിടപാടിന് ഡൊമിനിക്കിനെ സഹായിച്ച സ്ത്രീയുടെ വീട്ടിൽ ഒരു സംഘംകടന്നുകയറി ആക്രമണം നടത്തി. പരുക്കേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.