കെഎസ്ആർടിസി ബസുകൾക്കു നേരെ കർണാടകയിൽ അക്രമങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം കല്ലേറിൽ യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്കേറ്റു. കർണാടക പൊലീസ് പ്രശ്നത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെ പരാതി. പുത്തൻകുരിശ് കുറിഞ്ഞി സ്വദേശി സോനു ജോർജ് എന്ന ഇരുപത്തിനാലുകാരനാണ് പരുക്കേറ്റത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുള്ള അഭിമുഖം കഴിഞ്ഞ് സുഹൃത്ത് ബോബിക്കൊപ്പം ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കു മടങ്ങും വഴി ഹൊസൂരിൽ വച്ചായിരുന്നു ബസിനു നേരെയുള്ള ആക്രമണം.
അപകടം നടന്ന സ്ഥലത്തു നിന്ന് എട്ടു കിലോ മീറ്റർ അകലെയുള്ള ഒരാശുപത്രിയിൽ സോനുവിന് പ്രാഥമിക ചികിൽസ നൽകിയ ശേഷം കെ എസ് ആർ ടി സി ജീവനക്കാർ സോനുവിനെയും സുഹൃത്തുക്കളെയും കൊച്ചിയിലേക്ക് ആംബുലൻസിൽ അയയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സോനുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അതേസമയം നഷ്ടപരിഹാരം കിട്ടാൻ വേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്ന് എറണാകുളം കെ എസ് ആർ ടി സി ഡിപ്പോ അധികൃതർ സോനുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി.കർണാടകയിൽ വച്ച് കെ എസ് ആർ ടി സി ബസുകൾ ആക്രമിക്കപ്പെടുന്നതും, കവർച്ച ചെയ്യപ്പെടുന്നതുമായ സംഭവങ്ങൾ ആവർത്തിച്ചിട്ടും കേരളത്തിൽ നിന്നുള്ള ബസുകൾക്ക് സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് തയാറാകുന്നില്ലെന്നും പരാതിയുണ്ട്.