ഇടുക്കി മുട്ടത്തെ ഹൗസിങ് ബോർഡിന്റെ കീഴിലുള്ള വനിതാ ഹോസ്റ്റലിൽ വിതരണം ചെയ്യുന്നത് മലിനജലവും പഴകിയ ഭക്ഷണമെന്നും പരാതി. ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോസ്റ്റലിലെ താമസക്കാരായ പത്ത് വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ആവർത്തിച്ചിട്ടും ഹോസ്റ്റലിൽ പരിശോധന നടത്താൻ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.
മുട്ടം കോടതിക്ക് സമീപം പ്രവർത്തിക്കുന്ന ഹൗസിങ്ങ് ബോർഡിന്റെ വർക്കിങ് വിമൻസ് ഹോസ്റ്റലിനെതിരെയാണ് വ്യാപക പരാതി ഉയരുന്നതത്. ഹോസ്റ്റലിലെ താമസക്കാരായ തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിലെ ഒന്നാംവർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഹോസ്റ്റലിൽ നിന്ന് പതിവുപോലെ ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർഥികൾ കോളേജിലെത്തിയത്. ക്ലാസ് തുടങ്ങിയപ്പോൾ തന്നെ വിദ്യാർത്ഥിനികൾക്ക് ഛർദ്ദിയും തലകറക്കവും ശരീരമാസകലം ചൊറിച്ചിലും അനുഭവപ്പെട്ടു. അവശരായി കുഴഞ്ഞു വീണ വിദ്യാർത്ഥികളെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവം ഒതുക്കിതീർക്കാനായിരുന്നു ഹോസ്റ്റൽ അധികൃതരുടെ ശ്രമം. ചികിത്സയിലുള്ളവർ മാധ്യമങ്ങളോടും പൊലീസിനോടും സംസാരിക്കരുന്നതും അധികൃതർ വിലക്കി. ഇതിനിടെ കൂടുതൽ വിദ്യാർഥികൾ കുഴഞ്ഞുവീണതോടെ വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി ആശുപത്രിയിലെത്തി. ഇതോടെ ഹോസ്റ്റൽ അധികൃതർ സ്ഥലംവിട്ടു.
വിദ്യാർഥികളുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങൾ മാതാപിതാക്കളിൽ നിന്നും ഹോസ്റ്റൽ അധികൃതർ മറച്ചുവെച്ചു. നേരത്തേയും ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി അതെല്ലാം മൂടിവെയ്ക്കുകയാണ് പതിവ്. ആരോഗ്യ വകുപ്പും, ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്താൻപോലും തയ്യാറല്ല. നിസംഗത തുടർന്നാൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സമരം ആരംഭിക്കാനാണ് തീരുമാനം.