കനത്ത മഴയെത്തുടർന്ന് കാസർകോട് അജാനൂർ കടപ്പുറത്തെ പുലിമുട്ട് തകർന്നു. പുലിമുട്ട് തകർന്നതോടെ ഗതിമാറി ഒഴുകുന്ന ചിത്താരിപ്പുഴ കടപ്പുത്തെ മത്സ്യബന്ധന കേന്ദ്രത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അജാനൂർ കടപ്പുറത്ത് പുതിയ ഹാർബർ നിർമ്മിക്കാൻ തീരുമാനിച്ച സ്ഥലത്താണ് പുഴ ഗതിമാറി ഒഴുകുന്നത്. പുഴയുടെ ശക്തമായ ഒഴുക്കിൽ തീരത്തെ മത്സ്യബന്ധന കേന്ദ്രത്തിന് സമീപം കര ഇടിഞ്ഞു.
അടിയന്തിരമായി പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മണലിനൊപ്പം മത്സ്യബന്ധന കേന്ദ്രവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. മഴ കനക്കുമ്പോൾ അഴിമുഖം തുറന്നാണ് പുഴയിലെ വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. മണൽച്ചാക്കുകൾ നിരത്തി പുഴയുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള നടപടികളാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഒഴുക്ക് നിയന്ത്രിച്ചില്ലെങ്കിൽ തീരത്തെ സ്ഥിതി സങ്കീർണ്ണമാവാൻ സാധ്യതയുണ്ടെന്നും തീരവാസികൾ മുന്നറിയിപ്പ് നൽകുന്നു.