സംസ്ഥാന സർക്കാർ പിൻവാങ്ങിയ കാസർകോട് കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനന പദ്ധതി പുനരുജീവിപ്പിക്കാനുള്ള നീക്കവുമായി മുംബൈ ആസ്ഥാനമായുള്ള കമ്പനി വീണ്ടും രംഗത്ത്. പരിസ്ഥിതി ആഘാത പഠനത്തിനുള്ള സമയ പരിധി നീട്ടിവാങ്ങിയ ആശാപുര മൈൻ കം കമ്പനി സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസും ഫയൽ ചെയ്തു.
കടലാടിപ്പായറയിലെ ഇരുന്നൂറേക്കർ ഭൂമിയിൽ നിന്നും അലൂമിനസ് ബോക്സൈറ്റ് ഖനനം െചയ്യാന്നത് സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ആശാപുര കമ്പനിക്ക് അനുവദിച്ച സമയ പരിധി കഴിഞ്ഞ നവംബറിൽ തീർന്നിരുന്നു.ഇതിനെ തുടർന്നാണ് കമ്പനി വീണ്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. ഒരു വർഷത്തേക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ടേം ഓഫ് റഫറൻസുകളിൽ മാറ്റം വരുത്തിയിട്ടില്ല.
ഈ സമയപരിധിക്കുള്ളിൽ പഠനം നടത്തി റിപ്പോർട്ട് പരിസ്ഥതി മന്ത്രാലയത്തിന് സമർപ്പിക്കണം. ഖനനത്തിനായി അനുവദിച്ച ഭൂമി നേരത്തെ സർക്കാർ തിരികെ എടുത്ത് വൈദ്യുതി വകുപ്പിന്റെ സോളർ പാർക്കിന് കൈമാറിയിരുന്നു.ഇവിടെ സർവേ അടക്കമുള്ള ജോലികൾ പൂർത്തിയാക്കി സോളർ പാനലുകൾ സ്ഥാപിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലുമാണ്. അതിനിടെ പരിസ്ഥിതിആഘാത പഠനത്തിന് സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കുന്നില്ലെന്ന് കാണിച്ച് കമ്പനി ഹൈക്കോടതിയെ സമീപിച്ചു.
ചീഫ് സെക്രട്ടറി,വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, കാസർകോട് കലക്ടർ എന്നിവരെ പ്രതികളെ ചേർത്താണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്.ഭൂമി തിരികെയെടുത്ത സാഹചര്യത്തിൽ സർക്കാർ എന്തുനിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുകയെന്നതിനെ ആശ്രയിച്ചിരിക്കും ആശാപുര കമ്പനിയുടെ ഖനന നീക്കങ്ങളുടെ ഭാവി.