വർക്കലയിലെ മുനിസിപ്പൽ ബസ് സ്റ്റാന്റ് അധികൃതരുടെ അവഗണന മൂലം യാത്രക്കാർക്ക് പ്രയോജനമില്ലാതെ നശിക്കുന്നു. റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞതോടെ ബസുകൾ പോലും കയാറാതെയായി. ശുചിമുറിയില്ലാത്തതും നായശല്യവും യാത്രക്കാർക്ക് ദുരിതമാവുന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുമെല്ലാം കയറുന്ന വർക്കലയിലെ മുനിസിപ്പൽ ബസ് സ്റ്റാന്റിലെ പ്രശ്നങ്ങൾ എണ്ണിയെണ്ണിപ്പറയാം.
ഒന്ന് സ്റ്റാന്റിന് അകത്തും പുറത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു.
രണ്ട് വെള്ളവും വെളിച്ചവുമില്ലാതെ ഉപയോഗിക്കാൻ കൊള്ളാത്ത ശൗചാലയം.
മൂന്ന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്ത നായശല്യം.
റോഡ് നന്നാക്കേണ്ടത് മുനിസിപ്പാലിറ്റിയാണ്. പക്ഷെ ടാറിളകി കുഴിയായി മാസങ്ങളായിട്ടും അവർ അനങ്ങുന്നില്ല. അതോടെ പൊടിശല്യം രൂക്ഷം. ശുചിമുറി പണിതിട്ടതല്ലാതെ മുനിസിപ്പാലിറ്റിക്കാർ തിരിഞ്ഞ് നോക്കിയിട്ടില്ല. വെള്ളം പോലുമില്ലാതെ ചീഞ്ഞ് നാറിയാണ് കിടക്കുന്നത്. ഇതുമൂലം തന്നെ പരിസരത്ത് നായക്കൂട്ടം എപ്പോളുമുണ്ടാവും. പ്രതിഷേധങ്ങളും സമരവും പലകുറിയുണ്ടായിട്ടും മുനിസിപ്പാലിറ്റിക്ക് മാത്രം അനക്കമില്ല.