കോഴിക്കോട് വടകരയിൽ നാട്ടുകാരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധയെന്ന് സംശയം. നായയെ പിടികൂടാനുള്ള ശ്രമം വിഫലമായതോടെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി.
ബസ് കാത്തുനിന്ന വിദ്യാർഥികളുൾപ്പെടെ നാൽപ്പതുപേരെയാണ് ഇന്നലെ തെരുവു നായ ആക്രമിച്ചത്. വടകര റയിൽവേ സ്റ്റേഷൻ ചോമ്പാല പ്രദേശങ്ങളിലെ ആളുകളാണ് കൂടുതലായി കടിയേറ്റ് ചികിൽസയിലുള്ളത്. റോഡിലും വീടുകളിലും കയറിയോടിയ നായ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. റോഡിലൂലെ കിലോമീറ്ററുകളോളം ഒാടി ഭീതി പരത്തിയ നായയ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. ഒട്ടേറെപ്പേർ നായയുടെ വരവ് കണ്ട് ഓടിമാറി രക്ഷപ്പെടുകയായിരുന്നു. മടപ്പള്ളി മുതൽ താഴെ അങ്ങാടി വരെയുള്ള റോഡിനു സമീപത്തെ കടകളിലും വീടുകളിലുമാണ് കൂടുതൽ പേരെ നായ ആക്രമിച്ചത്. നാട്ടുകാരുട നേതൃത്വത്തിൽ നായയെ പിടിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല. മുഖത്തും കൈയ്ക്കും സാരമായി പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.