കോഴിക്കോട് വടകരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളുൾപ്പെടെ 24 പേര്‍ക്ക് പരുക്ക്. സാരമായി പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമണിക്കൂറിനിടെ ആറിടങ്ങളിലാണ് നായ ആക്രമണം നടത്തിയത്.
വടകര റയിൽവേ സ്റ്റേഷൻ, കുരിയാടി പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു തെരുവുനായയുടെ വിളയാട്ടം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന വിദ്യാർഥികളെയാണ് ആദ്യം ആക്രമിച്ചത്. പിന്നീട് നാദാപുരം ഭാഗത്തേക്ക് ഒാടിയ നായ ഇരുപതോളം കാല്‍നടയാത്രക്കാരെ ആക്രമിച്ചു. കരച്ചിൽ കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. പലര്‍ക്കും കൈയ്ക്കും കാലിനും മുറിവേറ്റിട്ടുണ്ട്. ഗുരുതരമായ പരുക്കുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഏറെനാളായി തെരുവുനായശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നു.