സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ സർക്കാർ കർശനനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കാട്ടാനകളെ തടയാൻ വനാതിർത്തികളിൽ റയിൽ ഫെൻസിംഗ് സ്ഥാപിക്കണം. കൃഷിക്ക് നൽകുന്ന നഷ്ടപരിഹാരതുക വർഷാവർഷം പരിഷ്കരിക്കണമെന്നും കമ്മിഷന്‍ നിർദേശിച്ചു.
ഇടുക്കി ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഈ വർഷം മാത്രം കൊല്ലപ്പെട്ടത് 12 പേരാണ്. പരുക്കേറ്റവരുടെ എണ്ണം ഇതിന്റെ രണ്ടിരട്ടി വരും. ചിന്നക്കനാൽ, ആനയിറങ്കൽ മറയൂർ മേഖലയിൽ കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സ്ഥിതി ഗുരുതരമായിട്ടും വനംവകുപ്പും സർക്കാറും ഫലപ്രദമായ നടപടി സ്വീകിരിക്കുന്നില്ലെന്ന് ചൂണ്ടി കാട്ടിയാണ് നാട്ടുകാരിൽ ചിലർ മനുഷ്യാവകാശ കമ്മിഷൻ സമീപിച്ചത്. ഇതോടെ കമ്മിഷൻ വനംവകുപ്പിന്റെ റിപ്പോർട്ട് തേടി.
പകൽപോലും പേടികൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വനംവകുപ്പ് തുറന്നു പറഞ്ഞു. തുടർന്നാണ് വനാതിർത്തിയിൽ റെയിൽ ഫെൻസിംഗ് സ്ഥാപിക്കാൻ ബജറ്റിൽ തുക അനുവദിക്കാൻ കമ്മിഷൻ ഉത്തരവിട്ടത്.
16585 കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ 13,583 കിലോമീറ്റർ മാത്രമാണ് ജണ്ടയിട്ട് സംരക്ഷിച്ചിട്ടുള്ളത്. ഫെൻസിങ് സ്ഥാപിക്കാൻ കിഫ്ബിയിൽ നിന്നോ നബാർഡിൽ നിന്നോ തുക കണ്ടെത്തണമെന്നും കമ്മിഷൻ നിർദേശിക്കുന്നു. മരിക്കുന്നരുടെ അനന്തര അവകാശികൾക്ക് നഷ്ടപരിഹാര തുക സമയബന്ധിതമായി നൽകാൻ നടപടിയുണ്ടാകണം. പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കുള്ള ഇൻഷ്വറൻസ് തുക രണ്ടു ലക്ഷമാക്കി ഉയർത്താനും കമ്മിഷന്‍ ഉത്തരവിട്ടു.നടപടി സംബന്ധിച്ച റിപ്പോർട്ട് മൂന്നു മാസത്തിനകം സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.