ജെ കെ റോളിംഗ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ ഭാവനയിൽ രൂപംകൊണ്ട ഹാരിപോട്ടർ എന്ന അത്ഭുതബാലൻ ലോകം കീഴടക്കിയിട്ടു രണ്ട് പതിറ്റാണ്ട്. കുട്ടികൾക്ക് അനുയോജ്യമല്ലന്ന് പറഞ്ഞ് എട്ട് പ്രസാധകർ നിരസിച്ച പുസ്തകം പിന്നീട് ലോകം കീഴടക്കിയ കാഴ്ചയാണ് കണ്ടത്. വട്ടകണ്ണടയും നെറ്റിയിലൊരു മുറിപ്പാടുമായെത്തിയ അത്ഭുതബാലൻ ഹാരി പോട്ടർ തീർത്ത മാന്ത്രികവലയത്തിൽ ലോകം അകപ്പെട്ടിട്ടു രണ്ട് പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. സ്കോട്ലൻഡിലെ ഒറ്റമുറിക്കുള്ളിലെ ദാരിദ്ര്യത്തിൽ നിന്ന് ജെ കെ റോളിങ് എഴുതിത്തുടങ്ങിയതാണ് ഹാരിയുടെ കഥ.
എട്ടു പ്രസാധകരാണ് ആദ്യം നോവൽ നിരസിച്ചത്. ഒടുവിൽ 1997ൽ ബ്രിട്ടനിലെ ബ്ലൂംസ്‌ബെറി ആദ്യ നോവൽ, ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേർസ് സ്റ്റോൺ പ്രസിദ്ധീകരിച്ചു. മാന്ത്രിക സ്കൂളായ ഹോഗ്വാർഡ്‌സിലേക്കു ഹാരി പോട്ടർ എത്തുന്നതിൽ തുടങ്ങിയ കഥ ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരെ സ്വന്തമാക്കി. 73 ഭാഷകളിലായി 500മില്യൺ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടതു. മാതാപിതാക്കളെ വധിച്ച വോൾഡ്മോർട്ടിനെ ഹരിയും സുഹൃത്തുക്കളും വകവരുത്തിയതോടെ പരമ്പര അവസാനിച്ചു.
ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടു ഹാരിയുടെ മകൻ ആൽബസ് സെവറസ് പോട്ടറുടെ കഥയുമായി ഹാരി പോട്ടർ ആൻഡ് ദി കേർസ്ട് ചൈൽട് പിന്നീട് തിരക്കഥ രൂപത്തിൽ പുറത്തിറങ്ങി. എട്ടു സിനിമകളായി ഹാരിയുടെ കഥ വെള്ളിത്തിരയിലും ആരാധകരെ ത്രസിപ്പിച്ചു. ഒറ്റ അമ്മമാർക്കുള്ള സർക്കാർ ധനസഹായം കൈപ്പറ്റി ഹാരിപോട്ടറുടെ കഥ പറഞ്ഞ് തുടങ്ങിയ റോളിങ് ഇന്ന് സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിൽ എന്നതും മറ്റൊരു അത്ഭുതം.