വിജയ്–സൂര്യ ആരാധകരുടെ ഫാൻഫൈറ്റ്മൂലം നടി അനുശ്രീ പുലിവാല് പിടിച്ചിരുന്നു. കടുത്ത സൂര്യ ആരാധികയാണ് അനുശ്രീയെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം നടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. സണ്ണി വെയ്‍ൻ നായകനാകുന്ന പോക്കിരിസൈമൺ എന്ന ചിത്രം വിജയ് ആരാധകരുടെ കഥയാണ്. വിജയ്‌യുടെ വലിയ ഫ്ലക്സിനു മുന്നിൽ നിൽക്കുന്ന സണ്ണി വെയ്ന്റെ ഒരു ഫോട്ടോയും സൂര്യയുടെ പിറന്നാൾ ദിനം ആഘോഷിക്കുന്ന ഫോട്ടോയും നടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കിൽ ഇതു റിയൽ ലൈഫ് ആണെന്നായിരുന്നു പോസ്റ്റ്.
ഇതിനു ശേഷമാണ് ചിത്രത്തിനു താഴെ വിജയ് ഫാൻസ് ട്രോളുമായി എത്തിയത്. നടനും കടുത്ത വിജയ് ആരാധകനുമായ ബിനീഷ് ബാസ്റ്റിനും നടിയുടെ പോസ്റ്റിനു താഴെ അഭിപ്രായവുമായി എത്തി. ട്രോള് കൂടിയതോടെ അവസാനും നടി തന്നെ പോസ്റ്റ് പിൻവലിക്കുകയുണ്ടായി. എന്നാൽ നടിക്കെതിരായ ട്രോളിന് അവസാനം ഉണ്ടായില്ല. സംഭവത്തിൽ പ്രതികരണവുമായി നടി എത്തി.
വിജയ് ആരാധകരെ വേദനിപ്പിക്കാനോ വിജയ്‌യെ താഴ്ത്തിക്കെട്ടാനോ അല്ല ശ്രമിച്ചതെന്ന് അനുശ്രീ ലൈവ് വിഡിയോയിലൂടെ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ സെറ്റില്‍ നിന്നുമായിരുന്നു അനുശ്രീയുടെ പ്രതികരണം. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് എല്ലാവരും പറഞ്ഞുണ്ടാക്കിയതെന്നും ആരോഒരാൾ അയച്ചുതന്നൊരു പോസ്റ്റ് താനും ഷെയർ ചെയ്യുകയായിരുന്നുവെന്നും നടി പറയുന്നു.
വളരെ പ്രധാനപ്പെട്ട കാര്യം പറയാനാണ് ലൈവില്‍ വന്നതെന്ന് പറഞ്ഞായിരുന്നു അനുശ്രീയുടെ തുടക്കം. തന്റെ പോസ്റ്റിന് മനസ്സില്‍ പോലും കാണാത്ത തരത്തിലാണ് മറ്റുള്ളവര്‍ കണ്ടത്. വിജയ് സാറിനെപ്പോലുള്ള ഒരു നടനെ വില കുറച്ച് കാണിക്കാന്‍ താന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന് മനസ്സില്‍ എവിടെയെങ്കിലും ഒരു ചിന്ത വന്നിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. നിങ്ങൾ കരുതുന്നതുപോലെ ചിന്തിച്ചിട്ടുപോലുമില്ല. ആരെങ്കിലും അങ്ങനെ ഓർത്തെങ്കിൽ എന്നോട് ക്ഷമിക്കുക.
വിജയിനെ താഴ്ത്തിക്കെട്ടുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ കണ്ടിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. തന്റെ മനസ്സില്‍ സൂര്യ സാറിനോടുള്ള ഇഷ്ടം മാത്രമേയുള്ളൂ. അത് കൊണ്ടാണ് ആ പോസ്റ്റിട്ടത്. എന്നാൽ വിജയ് സാർ ഒരുമഹാനടൻ തന്നെയാണ്.അദ്ദേഹത്തിന്റെ സിനിമകളും കണ്ടാണ് ഞാൻ വളർന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഞാനൊരു സൂര്യ ഫാനാണ്. എന്തോ പണ്ടു മുതലേ അദ്ദേഹത്തിനെ ഇഷ്ടമാണ്. പക്ഷെ വിജയ് സാറിനെയും സൂര്യ സാറിനെയും താരതമ്യം ചെയ്യുന്നതിനേക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാന്‍ കഴിയില്ല.
താനൊരു വിജയ് ഫാനാണെന്ന് പോക്കിരി സൈമണില്‍ നായകനായ സണ്ണി വെയ്ന്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ തന്റെ റിയല്‍ ലൈഫില്‍ ഇങ്ങനെയാണ് എന്ന് പറയാന്‍ മാത്രമാണുദ്ദേശിച്ചത്. കമന്റുകള്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊരു അര്‍ത്ഥം കൂടി ഉണ്ടോ എന്ന് ചിന്തിച്ചത്.– അനുശ്രീ പറഞ്ഞു.
'ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു. ഇനി ഇഷ്ടപ്പെടില്ല എന്നൊക്കെ ഒരുപാട് പേർ എന്നോട് പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ താനില്ല. എന്റെ സിനിമകള്‍ തിയറ്ററില്‍ വരുമ്പോള്‍ കൂവിയിട്ടുണ്ടെങ്കില്‍ പിന്നെ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇതുവരെയെത്തിയത്. ഇനിയും അത് വേണം. ഈ സംഭവം കാരണം അത് ഇല്ലാതാവരുത്. നേരിൽ വന്ന് പറയാൻ കാരണം തന്നെ അതുകൊണ്ടാണ്. ഇന്നലെ വരെ എന്നെ ഇഷ്ടപ്പെട്ടു, ഇനി ഇഷ്ടപ്പെടില്ലെന്ന് വിചാരിക്കരുത്, നിങ്ങളുടെ ഇഷ്ടം എന്നും വേണം.– അനുശ്രീ പറഞ്ഞു.