നടനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് രജനീകാന്ത്. അതിന് മറ്റു ചില ഘടകങ്ങള്‍ കൂടി വേണം. ജനങ്ങള്‍ക്ക് വേണ്ട ആ ചേരുവ കമല്‍ഹാസന് അറിയാന്‍ സാധ്യതയുണ്ടെന്നും രജനി പറഞ്ഞു. ചെന്നൈ അടയാറില്‍ ശിവാജി ഗണേശന്‍ സ്മാരക സമര്‍പ്പണ ചടങ്ങില്‍ മന്ത്രിമാരും കമല്‍ ഹാസനും ഇരിക്കെയാണ് രജനിയുടെ പരാമര്‍ശം.സര്‍ക്കാരിനെതിരെ രൂക്ഷമായ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച ശേഷം കമല്‍ഹാസന്‍ ആദ്യമായാണ് മന്ത്രിമാരോടൊപ്പം വേദി പങ്കിടുന്നത്.
കമല്‍ഹാസന്‍റെയും രജനീകാന്തിന്‍റെയും രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്കിടെയാണ് ചെന്നൈ അടയാറില്‍ ശിവാജി ഗണേശന്‍ സ്മാരക സമര്‍പ്പണ വേദിയില്‍ ഇരുവരും ഒന്നിച്ചുവന്നത്. കൂടെ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും മന്ത്രി വിജയകുമാറും.പങ്കെടുത്തു. മന്ത്രിമാരും കമല്‍ഹാസനും തമ്മില്‍ അഴിമതിയാരോപണത്തിന്‍റെ പേരില്‍ വാക്പോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു വേദിപങ്കിടല്‍. സര്‍ക്കാരിനോടുള്ള അതൃപ്തി കമല്‍ഹാസന്‍റെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. സദസിലിരുന്ന ഉലകനായകനെ നിര്‍ബന്ധിച്ചാണ് വേദിയില്‍ ഇരുത്തിയത്. ആരെതിര്‍ത്താലും ചടങ്ങിനെത്തുമെന്നായിരുന്നു കമലിന്‍റെ വാക്കുകള്‍.
രാഷ്ട്രീയത്തില്‍ ജയിക്കാനുള്ള ചേരുവ കമല്‍ പഠിക്കുകയാണെന്നും തനിക്കതറിയില്ലെന്നും സ്റ്റൈല്‍ മന്നന്‍. പനീര്‍സെല്‍വം രജനികാന്തിനെ പൊന്നാടയണിയിച്ചപ്പോള്‍ മന്ത്രി വിജയകുമാറാണ് കമല്‍ഹാസനെ ആദരിച്ചത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച സ്മാരകമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.