കര്‍ണാടകയില്‍ രണ്ടിടങ്ങളിലായി കെട്ടിടം തകര്‍ന്നുവീണ് ഒന്‍പത് പേര്‍ മരിച്ചു. ബെംഗളൂരു ഈജിപ്പുരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകര്‍ന്നുവീണാണ് ഗര്‍ഭിണിയടക്കം ആറുപേര്‍ മരിച്ചത്. കെട്ടിടത്തിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു
ഇരുപത് വര്‍ഷം പഴക്കമുള്ള രണ്ടുനില കെട്ടിടമാണ് ഈജിപ്പുരയില്‍ തകര്‍ന്നുവീണത്. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക വിവരം. കലാവതി, രവി ചന്ദ്ര, ഹരി പ്രസാദ്, പവന്‍ കല്യാണ്‍ , അശ്വനി, സരവണന്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തെതുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ആഭ്യന്തരമന്ത്രി രാമലിംഗ റെഡി അപകട സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്നും ബെംഗളൂരു നഗരവികസനം മന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമനസേനാംഗങ്ങള്‍ അടക്കം പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗഡഡ് ജില്ലയില്‍ മേല്‍കൂര ഇടിഞ്ഞുവീണാണ് ഒരു കുംടുംബത്തിലെ മൂന്നുപേര്‍ മരിച്ചത്. മെഹ്ബൂബി , കൊച്ചുമക്കളായ മുസ്കന്‍ , നസിയ എന്നിവാണ് മരിച്ചത്