സിനിമ സംവിധായകൻ കമലിനെതിരെ ബി.ജെ.പിക്ക് പിന്നാലെ മുസ്‍ലിംലീഗും പ്രതിരോധമുയർത്തുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ. ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇടതുസ്ഥാനാർഥിയായി കമലിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന പ്രചാരണത്തിനിടെയാണ് നിലമ്പൂരില്‍ ഇന്ന് തുടങ്ങുന്ന ഐ.എഫ്.എഫ്.കെ ഉദ്ഘാടനം ചെയ്യുന്നത് തടയണമെന്ന് ലീഗ് ആവശ്യപ്പെടുന്നത്.
മുസ്‍ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദറാണ് നിലമ്പൂരിൽ നടക്കുന്ന ഐ.എഫ്.എഫ്.കെ കമൽ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. മലപ്പുറത്ത് തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം വഹിക്കുന്ന കമല്‍ ഉദ്ഘാടനം നിർവഹിക്കുന്നത് തടയണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ ചലച്ചിത്രോൽസവം നടത്തുന്നതിനോട് എതിർപ്പില്ലെന്നും പറയുന്നു.
മലപ്പുറത്ത് സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്ത് എത്തിയേക്കുമെന്ന പ്രചാരണമാണ് ലീഗ് കമലിനെ കൃത്യമായി നോട്ടമിടാനുളള കാരണം. തിരഞ്ഞെടുപ്പിനിടയിൽ ജില്ലയിൽ ഐ.എഫ്.എഫ്.കെയുടെ പേരിൽ കമൽ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനോടും അനിഷ്ടമുണ്ട്. ഒപ്പം കമൽ ഇപ്പോൾ ഇടതുപക്ഷ സഹയാത്രികനാണന്ന സ്ഥാപിക്കുകയും ലീഗിന്റെ ലക്ഷ്യമാണ്.