കേരളത്തിൽ അവയവദാനത്തിന് തടസങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മസ്തിഷ്ക്ക മരണം പരിശോധിക്കുന്ന സംഘത്തിൽ സർക്കാർ ഡോക്ടർ വേണമെന്നാണ് സർക്കാർ തീരുമാനം. അവയവദാനം വീഡിയോയിൽ പകർത്തണമെന്നാണ് മറ്റൊരു നിയമം. ഇതുപാലിക്കുന്നതിൽ എന്താണ് തടസമെന്ന് മന്ത്രി ചോദിച്ചു. അവയവദാനം നിലച്ചെന്ന മനോരമ ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് മനോവീര്യം കെടുത്തിയതാണ് അവയവമാറ്റ ശസ്ത്രക്രിയകളില്‍ നിന്ന് ഡോക്ടർമാർ പിന്നോട്ടടിക്കാൻ കാരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലാഭം മോഹിച്ചല്ല ഡോക്ടര്‍മാര്‍ ശസ്ത്രക്രിയകള്‍ക്ക് മുന്‍കയ്യെടുക്കുന്നത്. പൊതുസമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാന്‍ ബോധവല്‍ക്കരണം ഉടന്‍ തുടങ്ങുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി.പ്രദീപ് പറഞ്ഞു. സംസ്ഥാനത്ത് അവയവദാനം നിലച്ചെന്ന മനോരമ ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവയവദാനത്തിൽ വ്യാപകമായി കച്ചവടക്കം നടക്കുന്നുവെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ടായതാണ് ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്കു കാരണമെന്ന് ഐ.എം.എ. കേരള ഘടകം പറയുന്നു. ഈ തെറ്റിദ്ധാരണ മാറ്റാൻ ബോധവൽക്കരണം ആവശ്യമാണ്. കേന്ദ്രഏജൻസിയുടെ നിരീക്ഷണത്തിൽ തുടരുന്ന അവയവദാന നടപടികൾ സുതാര്യമാണ്. സർക്കാർ ഡോക്ടർമാരേയും പരിശോധനാ സമിതിയിൽ ഉൾപ്പെടുത്തും.
രോഗികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് ചട്ടം. പക്ഷേ, അവയവദാനം ചെയ്യുന്നവർക്കും ഏറ്റുവാങ്ങുന്നവർക്കും പലപ്പോഴും സ്വകാര്യത നിർബന്ധമാണ്. അവയവദാനം നിരീക്ഷിക്കുന്ന കേന്ദ്ര ഏജൻസിയുടെ പക്കൽ വിവരങ്ങൾ ഭദ്രമാണ്. സമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാൻ ഉടൻ ബോധവൽക്കരണ നടപടികൾ തുടങ്ങും.

Advertisement