തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊന്ന കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന്റെ കിംങ്സ് ബീഡി കമ്പനിയുടെ കോടികൾ വിലവരുന്ന നാലു കാറുകൾ കാണാതായെന്ന് പരാതി. കമ്പനിയുടെ മറ്റു പങ്കാളികളാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. കിങ്സ് ബീഡി കമ്പനിയുടെ ഡയറക്ടർമാർക്കു തുല്യാവകാശമുള്ള വാഹനങ്ങൾ നിഷാമുമായി ബന്ധമുള്ളവർ കൊണ്ടുപോയെന്നാണ് പരാതി. കോടികള്‍ വിലമതിക്കുന്ന നാലു ആഡംബര കാറുകള്‍ അടുത്ത കാലംവരെ തൃശൂരിലുണ്ടായിരുന്നു.
ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലംബോർഗിനി കാര്‍ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ലെന്ന് പരാതിയിലുണ്ട്. കമ്പനിയുടെ പണം ഉപയോഗിച്ചു നിഷാം വാങ്ങാന്‍ നിശ്ചയിച്ചിരുന്ന രണ്ട് ആഡംബര കാറുകൾക്കു ഒന്നേക്കാല്‍ കോടി അഡ്വാൻസ് നൽകിയതായി രേഖയുണ്ടെങ്കിലും ഈ കാറുകൾ വാങ്ങിയോ എന്നുറപ്പില്ലെന്നും പരാതിയിൽ പറയുന്നു. കാറുകൾ എല്ലാംതന്നെ കമ്പനിയുടെ പൊതു ഫണ്ടുപയോഗിച്ചു വാങ്ങിയതാണെന്നും അതുകൊണ്ടുതന്നെ ഇതു നിഷാം മാത്രമായി ഉപയോഗിക്കുന്നതോ കൊണ്ടുപോകുന്നതോ തടയണമെന്നാണ് ആവശ്യം. കമ്പനി പൊതു അക്കൗണ്ടിൽനിന്നു ഇവയ്ക്കു പണം അടച്ചതിന്റെ രേഖകൾ സമർപ്പിച്ചു.