ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് നിഷാമിന്റെ മാനസികനില പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. നിഷാമിന്റെ മാനസികനില തകരാറിലാണെന്നും ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ചികിൽസയ്ക്കു സാഹചര്യമൊരുക്കണമെന്നും ചൂണ്ടിക്കാട്ടി അടുത്ത ബന്ധുവായ പി.ഐ. അബ്ദുൽ ഖാദർ സമർപ്പിച്ച ഹർജിയിലാണു നിർദേശം. അടുത്ത രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
ജീവപര്യന്തം ശിക്ഷാ ഉത്തരവിനെതിരെയുള്ള അപ്പീലിലാണു ബന്ധുവിന്റെ ഉപഹർജി. ബന്ധുവായ തന്നെപ്പോലും തിരിച്ചറിഞ്ഞില്ലെന്നും അക്രമാസക്തനാണെന്നും അടിയന്തര ചികിൽസ ലഭ്യമാക്കണമെന്നും ഹർജിയിൽ പറയുന്നു. സ്വയം മുറിവേൽപിക്കാനും മറ്റുള്ളവരെ ആക്രമിക്കാനും സാധ്യതുണ്ടെന്നും ബോധിപ്പിച്ചു. എന്നാൽ, മെഡിക്കൽ രേഖകളുടെ പിൻബലമില്ലാതെയാണു ഹർജിയെന്നും അഭിനയമാകാൻ സാധ്യതയുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.
എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിൽസിക്കാൻ സർക്കാരിനു സംവിധാനമുണ്ടെന്നും അറിയിച്ചു. ഇതിനിടെ, ചന്ദ്രബോസിനെ ഇടിച്ചു കൊലപ്പെടുത്താനുപയോഗിച്ച വാഹനം വിട്ടുകിട്ടണമെന്ന ഹർജി കോടതി അനുവദിച്ചില്ല. ഉടമയെന്ന് അവകാശപ്പെട്ട് കിരൺ രാജീവാണു ഹർജി നൽകിയത്. എന്നാൽ, അപകടത്തിൽപെട്ട വാഹനമല്ല അതെന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധമാണെന്നും സർക്കാർ വാദിച്ചു.