തൃശൂര്‍ പെരിങ്ങോട്ടുക്കരയില്‍ അഞ്ചുകിലോ കഞ്ചാവുമായി മുന്‍ സ്പിരിറ്റ് കേസിലെ പ്രതി എക്സൈസിന്റെ പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് കഞ്ചാവ് തൃശൂരില്‍ എത്തിക്കുന്നതെന്ന് പ്രതി മൊഴിനല്‍കി.
ട്രെയിനിലും ടൂറിസ്റ്റ് ബസിലും ബാംഗ്ലൂരില്‍നിന്ന് കഞ്ചാവ് കൊണ്ടുവരുന്നത് വ്യാപകമാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇങ്ങനെ, കഞ്ചാവ് കൊണ്ടുവരുന്നവരെ എക്സൈസ് സംഘം ആദ്യം തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശി സുനില്‍കുമാറിനെ അങ്ങനെയാണ് പൊലീസ് നിരീക്ഷിച്ചത്. പെരിങ്ങോട്ടുക്കരയിലെ ബന്ധുവീട്ടില്‍ കഞ്ചാവ് ഒളിപ്പിച്ച് വില്‍ക്കുകയാണ് പതിവ്. ഒരു കിലോ കഞ്ചാവിന് പതിനായിരം രൂപ വരെ ലാഭം. മാസത്തിലൊരിക്കല്‍ മാത്രം കഞ്ചാവ് കടത്തും. ട്രെയിനിലും ബസിലും കഞ്ചാവ് കൊണ്ടുവരുമ്പോള്‍ മണം പുറത്തുവരാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ സുഗന്ധദ്രവ്യം പൂശൂം.
മൂന്നു വര്‍ഷം മുമ്പ് തിരുവല്ലയില്‍ കാറില്‍ സ്പിരിറ്റ് കടത്തുന്നതിനിടെ 350 ലിറ്റര്‍ സ്പിരിറ്റുമായി സുനില്‍കുമാറിനെ പിടികൂടിയിരുന്നു. മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയുമാണ്. കഞ്ചാവിന്റെ ഇടനിലക്കാരായ രണ്ടു യുവാക്കളെക്കൂടി എക്സൈസ് തിരയുന്നുണ്ട്.