പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. കാറിലും മിനിലോറിയിലുമായി കടത്താന്‍ ശ്രമിച്ച നൂറ്റിപ്പത്ത് കിലോ കഞ്ചാവ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് സമീപകാലത്തു നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് പെരുമ്പാവൂരിലേത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറിലും മിനി ലോറിയിലുമായി കടത്തിയ നൂറ്റിപ്പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തത്. മിനി ലോറിയുടെ പ്ലാറ്റ്ഫോമിനുകീഴില്‍ പ്രത്യേകം തയാറാക്കിയ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചെറിയ കടലാസുപാക്കുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ കാലടിക്കും പെരുമ്പാവൂരിനും ഇടയ്ക്കുള്ള വല്ലം ചൂണ്ടിയില്‍ വച്ചായിരുന്നു കഞ്ചാവ് വേട്ട.
വാഹനത്തിലുണ്ടായിരുന്ന ഇടുക്കി ഉടുമ്പന്‍ചോല മൈലാടുംപാറ തേവരോലിയില്‍ വീട്ടില്‍ വിനോദ്, തൃശ്ശൂര്‍ മുകുന്ദപുരം മുട്ടിത്തടി കുമാരപ്പിളളി വീട്ടില്‍ ജോബി, കോട്ടയം കാഞ്ഞിരപ്പിളളി ചിറക്കടവ് ഇറത്തില്‍ വീട്ടില്‍ മാത്യു എന്നിവരെയാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിന് സമീപം പത്ത് കിലോയിലധികം കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നാണ് കഞ്ചാവ് കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞദിവസം പെരുമ്പാവൂര്‍ മുതല്‍ തൃശ്ശൂര്‍ വരെ പ്രതികളെ പൊലീസ് പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂര്‍ സി ഐ കുര്യാക്കോസ്, എസ് ഐ ഫൈസല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പിടികൂടിയ കഞ്ചാവ് കുന്നത്തുനാട് ഡെപ്യൂട്ടി തഹസീല്‍ദാറുടെ സാന്നിധ്യത്തില്‍ അളന്ന് തിട്ടപ്പെടുത്തി. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കര്‍ണാടകയില്‍ നിന്ന് ഉയര്‍ന്ന അളവില്‍ കഞ്ചാവ് എങ്ങനെ കേരളത്തിലെത്തി എന്നും, ആരാണ് എത്തിച്ചത് എന്നും വ്യക്തമാവൂ. കഞ്ചാവ് കടത്തിയ മിനിലോറിയും, കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടവര്‍ തന്നെയാണോ പിടിയിലായതെന്ന് പരിശോധിച്ച് വരികയാണ് പൊലീസ്.