പെരുമ്പാവൂരിൽ122 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. അതേസമയം കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തിലെ മുഴുവൻ പേർക്കും എസ് പി പാരിതോഷികം പ്രഖ്യാപിച്ചു.
പ്രതികളായ ഇടുക്കി രാജാക്കാട് സ്വദേശി വിനോദ്, തൃശൂർ ആമ്പല്ലൂർ സ്വദേശി ജോബി, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മാത്യു എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുമ്പും വൻതോതിൽ കഞ്ചാവ് കടത്തിന് പിടിയിലായിട്ടുള്ള ഇവരുടെ ബന്ധങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇരുപതിനായിരം രൂപയ്്ക്കാണ് വിറ്റിരുന്നതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ വിനോദ് പത്തുവർഷം മുമ്പ് 64 കിലോ കഞ്ചാവ് കടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കടത്ത് തുടങ്ങിയത്.
കഞ്ചാവ് പിടികൂടിയ ഡിവൈഎസ്പി ജി. വേണുവിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് റൂറൽ എസ് പി പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞ പത്തുമാസത്തിനിടെ പൊലീസും എക്സൈസും ചേർന്ന് പിടികൂടിയതിനേക്കാൾ കൂടുതൽ കഞ്ചാവാണ് ഒറ്റ ദിവസം കൊണ്ട് പിടിച്ചെടുത്തത്.