കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന ഗുണ്ട പിടിയിൽ. കുന്നമംഗലം പെരിങ്കളം സ്വദേശി ഡിങ്കുവെന്ന ഷിജുവാണ് നാലര കിലോ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്.
കുന്നമംഗലം , കോഴിക്കോട് ടൗൺ സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷിജു. കാപ്പാ നിയമപ്രകാരം തടവില്‍ കഴിഞ്ഞിരുന്ന ഷിജു ഈയിടെയാണ് പുറത്തിറങ്ങിയത്. ആന്ധ്ര പ്രദേശിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറുകിടവിൽപനക്കാരെ വച്ചാണ് വിറ്റൊഴിച്ചിരുന്നത്. കുന്നമംഗലത്തെ എൻ.ഐ.ടിയിലെ വിദ്യാർഥികളായിരുന്നു മുഖ്യ ഇടപാടുകാർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.ടിക്ക് മുന്നിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ കൊല്ലം കോഴിക്കോട് ജില്ല ജയിലിന് മുന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഷിജുവിന് സാരമായി പരുക്കേറ്റിരുന്നു. തുടർന്നാണ് കഞ്ചാവ് വിൽപനയിലേക്ക് കടന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഫറോക്ക് റയിൽവേ സ്റ്റേഷനിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഒറ്റുകൊടുത്തുവെന്നാരോപിച്ച് കുന്നമംഗലത്തെ ഹോട്ടൽ ഈയാളും സംഘവും അടിച്ചുതകർക്കുകയും ചെയ്തിരുന്നു.