മോസ്ക്കോയിൽ 1980ൽ നടന്ന ഒളിംപ്ക്സിൽ പങ്കെടുത്ത ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ ടീമിന്റെ കോച്ച് എം.രാജനും അന്ന് ടീം അംഗമായിരുന്ന എൻ.അമർനാഥും വീണ്ടും കണ്ടുമുട്ടി. മൂന്നര പതിറ്റാണ്ടിനു ശേഷം നടന്ന ഈ അപൂർവ കൂടിക്കാഴ്ചയിൽ നിറഞ്ഞുനിന്നത് ഒളിംപ്കിസിന്റെ തിളങ്ങുന്ന ഓർമകൾ.
ഒളിംപ്കിസിൽ ബാസ്ക്കറ്റ് ബോളിനെ പ്രതിനിധീകരിക്കാൻ ഇന്ത്യയ്ക്കു ഒരിക്കൽ മാത്രമേ ഭാഗ്യമുണ്ടായുള്ളൂ. ഈ ചിത്രത്തിൽ കാണുന്ന പന്ത്രണ്ടു പേരായിരുന്നു ആ ഭാഗ്യം ലഭിച്ചവർ. കോഴിക്കോട് ചേവായൂർ സ്വദേശിയായ ലെഫ്റ്റണന്റ് കേണൽ എം.രാജനായിരുന്നു അന്ന് ടീം കോച്ച്. സർവീസസ് ടീം ഇരുപത്തിയൊന്നു തവണ ദേശീയ ബാസ്ക്കറ്റ് ബോൾ കിരീടം ചൂടുമ്പോൾ ഈ മലയാളിയായിരുന്നു കോച്ച്. എൺപത്തിരണ്ടാം വയസിൽ അസുഖംമൂലം പൂർണവിശ്രമത്തിലായ കോച്ചിനെ കാണാനാണ് പഴയ ശിഷ്യൻ കോയമ്പത്തൂരിൽനിന്ന് എത്തിയത്. എൻ.അമർനാഥ്, അന്നത്തെ ഒളിംപ്ക്സിൽ ബാസ്ക്കറ്റ് ബോൾ ടീമിൽ ഉണ്ടായിരുന്ന താരം.
ഒളിംപ്കിസിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഓരോന്നും ഇരുവരും വീണ്ടും കണ്ടു. ഓർമകൾ പങ്കുവച്ചു. കോച്ചും ശിഷ്യനും കണ്ടുമുട്ടിയതിന്റെ ഓർമയ്ക്കായി ഓരോ പുസ്തകങ്ങൾ പരസ്പരം കൈമാറി. അന്ന് ടീമിലുണ്ടായിരുന്ന പന്ത്രണ്ടു പേരിൽ ഒരാൾ മാത്രം ജീവിച്ചിരിപ്പില്ല. മറ്റു പതിനൊന്നു പേരും ഒന്നിച്ച് കോച്ചിനെ കാണാൻ എത്താമെന്ന ഉറപ്പിലാണ് അമർനാഥ് മടങ്ങിയത്.