പാവങ്ങള്‍ക്കൊപ്പമായിരുന്നു സഖാവ് പി.കൃഷ്ണപിള്ള. അതേ പാതയിലാണ് ആലപ്പുഴയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റും. ചേര്‍ത്തല എസ്.എന്‍ കോളജുമായി സഹകരിച്ച് നന്മയുടെ ഒരു പുതിയ പാഠമൊരുക്കുകയാണ് ഇവിടെ. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍ക്കായി പുതിയതും പുതുമനഷ്ടപ്പെടാത്തതുമായ വസ്ത്രങ്ങള്‍ ശേഖരിച്ചു നൽകുകയാണിവർ.
ഇവ തേച്ചുമിനുക്കിയെടുക്കുന്നത് നല്ല വസ്ത്രം ധരിക്കാനില്ലാത്ത ആയിരങ്ങള്‍ക്ക് വേണ്ടിയാണ്. നന്മയുടെ ഈ പാഠം ചേര്‍ത്തല എസ്.എന്‍ കോളജിലെ കുട്ടികള്‍ പഠിക്കുന്നത് സിലബസില്‍നിന്നല്ല. സമൂഹത്തില്‍നിന്നാണ്. നാളെ ഇത് പാവങ്ങളുടെ കൈകളിലെത്തുമ്പോള്‍ ഇവിടുത്തെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സന്തുഷടരാണ്. ഒരു പരീക്ഷ ജയിച്ചസുഖമാണ് ഇവര്‍ക്ക്. ജീവിതപരീക്ഷയില്‍ ജയിക്കാന്‍ പാടുപെടുന്നവര്‍ക്ക് ഒപ്പമിരുന്നുള്ള സാമൂഹ്യപാഠപഠനം.
ആലപ്പുഴയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് അഞ്ച് മാസം മുമ്പാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൈമാറുന്ന സ്നേഹസമ്മാനം. പലതരം കാരണങ്ങളാല്‍ വീടിന്റെ അലമാരകളില്‍ കുത്തിനിറച്ച വസ്ത്രങ്ങള്‍ അന്യനെങ്കിലും ഉപകരിക്കട്ടെ എന്നാണ് ട്രസ്റ്റ് അംഗങ്ങള്‍ ചിന്തിച്ചത്. അങ്ങിനെ ആദ്യഘട്ടത്തില്‍ പതിനായിരം വസ്ത്രങ്ങള്‍ ശേഖരിച്ചു. പുതുമനഷ്ടപ്പെടാത്ത വസ്ത്രങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്. രണ്ടാംഘട്ടം വിജയകരമാക്കുന്നത് വിദ്യാര്‍ഥികളാണ്. ചേര്‍ത്തല എസ്.എന്‍ കോളജിലെ 200ഒാളം വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രണ്ടാഴ്ചകൊണ്ട് ജീവിതപരിസരങ്ങളില്‍നിന്ന് ശേഖരിച്ചത് രണ്ടായിരം വസ്ത്രങ്ങള്‍. ഏഴുവയസുമുതലുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ധരിക്കാവുന്നവ. അലക്കി തേച്ച് പൊതികളിലാക്കി ഇവ അര്‍ഹരുടെ കൈകളിലെത്തിക്കും. അധ്യാപകരായ ടി.ആര്‍.രതീഷും ഡോ. ധന്യയുമാണ് കുട്ടികൾക്ക് വഴികാട്ടുന്നത്.
മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം സൗത്ത്, പാതിരാപ്പള്ളി പഞ്ചായത്തുകളിലെ 80 വാര്‍ഡുകളിലേക്കാണ് ഇവ ഒരുക്കുന്നത്. ഈമാസം 21ന് ശേഖരിച്ച വസ്ത്രങ്ങള്‍ പി,കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന് കുട്ടികള്‍ കൈമാറും. നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇല്ലാത്തവര്‍ക്കായി നേരത്തെ ഫ്രീ ഷോപ്പിങ് സെന്റര്‍ ട്രസ്റ്റ് തുറന്നിരുന്നു. പാവങ്ങള്‍ക്ക് ഇവിടെയത്തി ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ എടുക്കാം. അങ്ങിനെ ഒട്ടേറെ ചെറുതും വലുതുമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തിപ്പോരുന്നത്. ഇതിന് കരുത്തുപകരുകയാണ് എസ്.എനിലെ വിദ്യാര്‍ഥികള്‍.