സ്വന്തമായൊരു വീട് ഏതൊരു സാധാരണക്കാരന്‍റെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങി മടുത്ത ഒരു നിര്‍ധന കുടുംബം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവുണ്ടായിട്ടു പോലും അധികൃതരുടെ കനിവ് കിട്ടാത്ത വരാപ്പുഴ മണ്ണത്തുരുത്തിലെ ബാബുവിന്‍റെയും, ലീലയുടെയും ജീവിതത്തിലേക്ക്.
പ്ലാസ്റ്റിക് ഷീറ്റുകള്‍ ചേര്‍ത്തു കെട്ടിയ ഈ കൂരയില്‍ രണ്ടു മനുഷ്യജീവികള്‍ കഴിഞ്ഞു കൂടുന്നുണ്ട്. അടച്ചുറപ്പുളള ഒരു കിടപ്പാടം സ്വപ്നം കണ്ട് ഒരായുസൊടുങ്ങുവോളം സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങിയ ഒരമ്മയുടെ മക്കള്‍. വികലാംഗനായ ബാബുവും,അവിവാഹിതയായ സഹോദരി ലീലയും.
മറ്റൊരാളുടെ ഉടമസ്ഥതയിലുളള ഭൂമിയില്‍ അറുപത് വര്‍ഷമായി ഇവര്‍ ദുരിത ജീവിതം തുടരുന്നു. വീട്ടുജോലിയെടുത്തും ലോട്ടറി വിറ്റുമാണ് ഇപ്പോള്‍ ഉപജീവനത്തിന് വഴികണ്ടെത്തുന്നത്. അടച്ചുറപ്പുളള ഒരു വീടുണ്ടാക്കി അവിടേക്ക് താമസം മാറണമെന്ന് ആഗ്രഹമുണ്ട്. ഈ ആഗ്രഹവുമായി വര്‍ഷങ്ങളോളം സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങിയിട്ടും അനുകൂലമായൊരു നടപടിയുണ്ടാകാഞ്ഞതില്‍ മനം നൊന്താണ് ഇവരുടെ അമ്മ ബ്രിജിത മരിച്ചതും.
കുടുംബത്തിന്‍റെ ദൈന്യത ബോധ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഇവര്‍ക്ക് വീട് വച്ചു നല്‍കാന്‍ നിർദേശം നൽകിയിരുന്നു. പക്ഷേ ഈ നിർദേശത്തിനും ഉത്തരവാദപ്പെട്ടവരാരും വില കൊടുത്തിട്ടില്ല.