മലയാള പ്രഫഷനൽ നാടക രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുകയാണ് കെ.എം.ധർമൻ. കൊച്ചി പള്ളുരുത്തിക്കാരനായ ധർമൻ നാനൂറ്റിയമ്പതിലധികം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
കെ.എം.ധർമൻ. അരങ്ങിന് പിന്നിലെ അൽഭുതമാണ് ഈ പള്ളുരുത്തിക്കാരൻ. ആറുപതിറ്റാണ്ടുകൾ പിന്നിട്ട് ഇപ്പോഴും മലയാള പ്രഫഷണൽ നാടകവേദിയിലെ നിറസാന്നിധ്യം. നാനൂറ്റിയമ്പതോളം നാടകങ്ങളാണ് ധർമൻ സംവിധാനം ചെയ്തത്. അതിൽ മിക്കതും സൂപ്പർഹിറ്റുകൾ.
പി.ജെ. ആന്റണിയുടെ തട്ടകത്തിൽ നടനായിട്ടാണ് നാടകത്തിലേക്കുള്ള രംഗപ്രവേശം. പിന്നീട് അണിയറയിലേക്ക്. നാടകത്തിൽ സജീവമാകുന്നതിനിടയിൽ അഞ്ചു സിനിമകളിൽ അഭിനയിച്ചു. രണ്ടു സിനിമകളിൽ സഹസംവിധായകനുമായി. പക്ഷേ തട്ടകം നാടകമാണെന്ന തിരിച്ചറിവിൽ അഭ്രപാളി ഉപേക്ഷിച്ച് അരങ്ങിന്റെ പിന്നിലേക്ക് മടങ്ങി.
മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡുൾപ്പടെ ഒട്ടേറെ പുരസ്ക്കാരങ്ങൾ ധർമന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി കേരള സംഗീത നാടക അക്കാദമി കലാരത്ന പുരസ്കാരം നൽകി ആദരിച്ചു. പ്രായം എൺപത്തിയഞ്ചിനോട് അടുത്തെങ്കിലും നാടകം ഇപ്പോഴും കെ.എം.ധർമന്റെ സിരകളിലുണ്ട്.