നാൽപത് വർഷം മുൻപ് അരങ്ങിലെത്തിയ നാടകത്തിലെ നടൻമാരും അണിയറപ്രവര്‍ത്തകരും വീണ്ടും ഒന്നിച്ച് പഴയ നാടകം കാണികൾക്ക് മുൻപിലെത്തിച്ചു. പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെയും സമത പയ്യന്നൂരിന്റെയും നേതൃത്വത്തിലാണ് ഉദയസംക്രാന്തിയെന്ന നാടകം വീണ്ടും തട്ടകത്തിൽ കയറ്റിയത്.
രണ്ടായിരത്തോളം വേദികളിൽ അവതരിപ്പിച്ച നാടകമാണ് പതിറ്റാണ്ടുകൾക്ക്ശേഷം വേദിയിലെത്തിയത്. പ്രായം വകവയ്ക്കാതെ എല്ലാ നടൻമാരും അണിയറപ്രവർത്തകരും ഒത്തുചേർന്നു. പഴയകാല കലാകാരന്മാരായ കെ.പി. കൃഷ്ണൻ, കെ.സി.കൃഷ്ണൻ, മുരളീദാസ് പയ്യന്നൂർ, ഇ. എ.ജി പയ്യന്നൂർ
തുടങ്ങിയ നടന്മാരാണ് ഉദയസംക്രാന്തിക്ക് ജീവൻ പകർന്നത്. പശ്ചാത്തല സംഗീതം നൽകിയ പുല്ലാങ്കുഴൽ വിദഗ്ധൻ ജോൺസൺ പുഞ്ചക്കാടും, ആദ്യകാലത്തെ ദീപവിതാനം നിർവഹിച്ച നാടക-സിനിമ സംവിധായകൻ എം.ടി. അന്നൂരും പഴയതുപോലെ അരങ്ങിലും, അണിയറയിലും സജീവമായി.
രാഷ്ട്രീയ കസേരക്കളിയെയും, വോട്ടർമാരെ ചാക്കിട്ടുപിടിക്കാൻ നടക്കുന്ന നേതാക്കന്മാരെയും ആക്ഷേപഹാസ്യത്തിലൂടെ കളിയാക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. നാടകപ്രേമികൾ തിങ്ങിനിറഞ്ഞ സദസ്സിൽ നരവധി വിശിഷ്ടാഥിതികളും ഉണ്ടായിരുന്നു.