ഇന്ദുലേഖയുടെ നായകൻ ആരോരുമില്ലാതെ ദുരിതക്കയത്തിൽ. കലാനിലയം കൃഷ്ണൻ നായർ സംവിധാനംചെയ്ത ഇന്ദുലേഖ എന്നചിത്രത്തിൽ മാധവനെ അവതരിപ്പിച്ച രാജ്മോഹനാണ് തിരുവനന്തപുരം ഈഞ്ചക്കലിൽ അനാഥാവസ്ഥയിൽ കഴിയുന്നത്. നാട്ടുകാരുടെ ദയാവായ്പിൽ ദിവസം തള്ളിനീക്കുകയാണ് ഈ എൺപ്പത്തിരണ്ടുകാരൻ.
ഒ. ചന്ദുമേനോന്റെ ഇന്ദുലേഖ കലാനിലയം കൃഷ്ണൻ നായർ സിനിമയാക്കിയപ്പോൾ തിരഞ്ഞെടുത്ത ലക്ഷണമൊത്ത നായകനാണിത്. മാധവനായി വേഷമിട്ട രാജ്മോഹൻ. വർഷം 1967. ഇന്ദുലേഖക്ക് ശേഷം മറ്റുചില സിനിമകളിലും വേഷമിട്ടു. സിനിമയുടെ വെള്ളിവെളിച്ചവും ആരാധകരുമുള്ള ഒരു കാലം രാജമോഹനുണ്ടായിരുന്നു.
പക്ഷേ ജീവിതം മറ്റൊന്നാണ് രാജമോഹന് കാത്തുവെച്ചത്. മാറുന്ന സിനിമാ സംസ്കാരത്തിനുള്ളിൽ പിടിച്ചുനിൽക്കാനായില്ല. വരുമാനം കുറഞ്ഞു. വൈകാതെ വിവാഹബന്ധം പിരിഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും കയ്യിലുണ്ടായിരുന്നതുകൊണ്ട് പട്ടിണിയായില്ല. കുട്ടികൾക്ക് ട്യൂഷനെടുത്ത് ജീവിച്ചു. പക്ഷേ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ സമ്പാദ്യമോ നേടാനായില്ല. തിരുവനന്തപുരം ഈഞ്ചക്കലിനടുത്ത് ആസ്ബറ്റോസ് ഷീറ്റും സാരികളും കൊണ്ടു മറച്ച ഷെഡിലാണ് ഇന്ന് ഇന്ദുലേഖയുടെ നായകൻ. അതും ഒരുശിഷ്യന്റെ ദയാവായ്പിൽ.
സർക്കാരിന്റെ വാർദ്ധക്യകാല പെൻഷന് അപേക്ഷിക്കാൻ തിരിച്ചറിയൽ രേഖപോലും കയ്യിലില്ല. സിനിമാ സംഘടനകളൊന്നും ഇതുവരെ ഇദ്ദേഹത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. പഴയപോലെ ആരോഗ്യമൊന്നുമില്ലെങ്കിലും അഭിനയമോഹം ഇനിയും അണഞ്ഞിട്ടില്ല. പ്രതീക്ഷകൾ മാഞ്ഞിട്ടില്ല.