ഇടനിലക്കാരുടെ ചൂഷണത്തിൽ കുരുങ്ങി കാസർകോട് ജില്ലയിലെ ചെറുകിട മത്സ്യത്തൊഴിലാളികൾ. കൃത്യമായ വിപണന സാധ്യകളുടെ അപര്യാപ്തതയാണ് കായലുകളിലും, പുഴകളിലും മത്സ്യബന്ധനം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നത്.
ഉത്തര മലബറിലെ പ്രധാന കായലായ കാസർകോട് കവ്വായി കായലിൽ ഇപ്പോൾ ചെമ്മീൻ ചാകരയാണ്. ജൂലൈ മുതൽ നവംബർ വരെ നിരവധി ചെറുകിട മത്സ്യത്തൊഴിലാളികൾ കവ്വായി കായലിലെ ഈ ചാകരക്കോള് തേടിയെത്തും. പ്രാദേശികമായി തെള്ളി ചെമ്മീൻ എന്നു പറയുന്ന ചെറിയ ഇനം ചെമ്മിനാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. പുലരും മുമ്പെ ചെറുവള്ളങ്ങളിൽ സംഘങ്ങളായി തിരിഞ്ഞ് മീൻ പിടിത്തം. ചെമ്മീൻ ശേഖരിക്കുന്നത് ഇടനിലക്കാരാണ്. കച്ചവടസമയവും, തൊഴിലാളികളുടെ അധ്വാനത്തിന്റെ വിലയും ഇവർ തീരുമാനിക്കും. പലപ്പോഴും അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാറില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
സംസ്്ക്കരിച്ചെടുത്താൽ വിദേശ വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ചെമ്മീൻ തുച്ഛമായ വിലയ്്ക് ഇടനിലക്കാർ സ്വന്തമാക്കുന്നു. കാസർകോട് ജില്ലയിൽ ഇത് ഒറ്റപ്പെട്ട കാര്യമല്ല. പുഴകളിലും, കായലുകളിലും മത്സ്യബന്ധനം നടത്തുന്നവരാണ് ഇടനിലക്കാരുടെ ചൂഷണത്തിന് പ്രധാനമായും ഇരയാകുന്നത്. വിപണനത്തിലെ ഏകോപനമില്ലായ്മയും, മത്സ്യസംസ്ക്കരണ കേന്ദ്രങ്ങളുടെ അപര്യാപ്തതയുമാണ് ജില്ലയിലെ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നത്.